ചെന്നൈ: ഓണ്‍ ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും  നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈയിലെ അഭിഭാഷകനാണ് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാനായി വാങ്ങിയ പണം തിരിച്ചു നല്‍കാനാവാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
വിരാട് കോലിയെയും തമന്ന ഭാട്ടിയയെയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനാല്‍ ഈ രണ്ട് താരങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. വാദം കേള്‍ക്കാനായി ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ 20000 രൂപ നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തയ്തിരുന്നു. ഇതിനു പിന്നാലെ ചെന്നൈ നുങ്കമ്പാക്കത്തെ ചൂതാട്ട കേന്ദ്രം റെയ്ഡ് ചെയ്ത് തമിഴ് നടന്‍ ശ്യാം ഉള്‍പ്പെടെ12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.