കാരണം എട്ടാം നമ്പറില്‍ ഷാര്‍ദ്ദുലായാലും ഷമിയായാലും വലിയ ഷോട്ടുകള്‍ കളിക്കേണ്ടിവരും. അത് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്നു പറയുന്നതുപോലെയാണ്. ഷാര്‍ദ്ദുലും ഒരു പന്തില്‍ ഒരു റണ്ണെടുക്കുന്ന ബാറ്ററാണ്. അല്ലാതെ അദ്ദേഹം 20 പന്തില്‍ 45 റണ്‍സടിക്കുന്ന ബാറ്ററൊന്നുമല്ല.
ദില്ലി: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലെ സ്പിന്‍ ട്രാക്കില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങിയപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായത് പേസര്‍ മുഹമ്മദ് ഷമിക്കായിരുന്നു. ഷമിക്ക് പകരം സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ ദില്ലിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ അശ്വിനെ പുറത്തിരുത്തിയപ്പോള്‍ പ്ലേയിംഗ് ഇലവനിലെത്തിയത് പേസറായ ഷാര്‍ദ്ദുല്‍ താക്കൂറായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴഞ്ഞതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.
14ന് അഹമ്മദാബാദില്‍ നടക്കുന്ന പാകിസ്ഥാനെതിരായ സൂപ്പര്‍ പോരാട്ടത്തിലെങ്കിലും ഷമിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ബാറ്റിംഗ് കണക്കിലെടുത്താണ് ഷാര്‍ദ്ദുലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചതെന്നാണ് ടീം മാനേജ്മെന്‍റ് പറയുന്നത്. എന്നാല്‍ ഷമിയായാലും താക്കൂറായാലും എട്ടാം നമ്പറില്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുക. അഫ്ഗാനെതിരെ എട്ടാം നമ്പര്‍ ബാറ്റര്‍ക്ക് ബാറ്റ് ചെയ്യേണ്ടിവരുന്ന സാഹചര്യം അപൂര്‍വമായിരിക്കും.
അതുകൊണ്ടുതന്നെ അഹമ്മദാബാദില്‍ പാകിസ്ഥാനെതിരെ എങ്കിലും മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം എട്ടാം നമ്പറില്‍ ഷാര്‍ദ്ദുലായാലും ഷമിയായാലും വലിയ ഷോട്ടുകള്‍ കളിക്കേണ്ടിവരും. അത് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്നു പറയുന്നതുപോലെയാണ്. ഷാര്‍ദ്ദുലും ഒരു പന്തില്‍ ഒരു റണ്ണെടുക്കുന്ന ബാറ്ററാണ്. അല്ലാതെ അദ്ദേഹം 20 പന്തില്‍ 45 റണ്‍സടിക്കുന്ന ബാറ്ററൊന്നുമല്ല. ഷാര്‍ദ്ദുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ എട്ടാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാന്‍ ആളുണ്ടെന്ന് പറയാന്‍ മാത്രമെ കഴിയു. അതുകൊണ്ട് പാകിസ്ഥാനെതിരായ മത്സരത്തിലെങ്കിലും മുഹമ്മദ് ഷമിയെ പ്ലേിയംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഇതുവരെ കളിച്ച 25 ഏകദിനങ്ങളില്‍ 17.31 ശരാശരിയില്‍ 329 റണ്‍സാണ് ഷാര്‍ദ്ദുലിന്‍റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കക്കെതിരെ ഒറു അര്‍ധസെഞ്ചുറിയും നേടി. എന്നാല്‍ ടെസ്റ്റില്‍ ഷാര്‍ദ്ദുലിന് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുണ്ടെന്നതാണ് ഷമിക്ക് പകരം പ്ലേയിംഗ് ഇലവനില്‍ ഷാര്‍ദ്ദുലിനെ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്മെന്‍റിനെ പ്രേരിപ്പിക്കുന്നത്. ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി മികച്ച ഫോമിലാണ്.
