ഗുജറാത്തും ആർസിബിയും പ്ലേ ഓഫിലേക്ക് അടുക്കുമ്പോൾ, മുംബൈക്കും ഡൽഹിക്കും പ്ലേ ഓഫ് സാധ്യതകൾ കുറവാണ്. മറ്റ് ടീമുകളുടെ പ്രകടനം മുംബൈയുടെയും ഡൽഹിയുടെയും ഭാവി നിർണ്ണയിക്കും.
മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കുമ്പോള്‍ പ്ലേ ഓഫ് ബര്‍ത്തിനായുള്ള കടുത്ത മത്സരങ്ങള്‍ക്ക് കൂടിയാണ് തുടക്കമാകുന്നത്. ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഒരു മത്സരം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പാക്കാം. ഇരു ടീമുകള്‍ക്കും മൂന്ന് മത്സരങ്ങള്‍ ബാക്കിയിരിക്കെ 16 പോയന്റ് വീതമുണ്ട്. ഒന്നാം സ്ഥാനത്തുളള ഗുജറാത്തിന് അവസാന മൂന്ന് കളികളില്‍ ആദ്യത്തേത് 18ന് എവേ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്. 22ന് ഹോം മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയും 25ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായും ഗുജറാത്ത് കളിക്കും. അവസാന രണ്ട് കളികളും ഹോം ഗ്രൗണ്ടിലാണെന്നുള്ളത് ഗുജറാത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ആര്‍സിബി നാളെ ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കളിക്കുന്നുമണ്ട്. 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും 27ന് എവേ മത്സരത്തില്‍ ലക്‌നൗവിനെയുമാണ് ഇനി ആര്‍സിബി കളിക്കുക. ഇതില്‍ ഒരെണ്ണം ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് കളിക്കാം. 11 കളികളില്‍ 15 പോയന്റുള്ള പഞ്ചാബിനും മൂന്ന് കളികള്‍ ബാക്കിയുണ്ട്. പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പഞ്ചാബ്. 18ന് രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് അവരുടെ ആദ്യ മത്സരം. 24ന് ഡല്‍ഹി ക്യാപിറ്റല്‍സിനേയും 26ന് മുംബൈ ഇന്ത്യന്‍സിനെതിരേയും പഞ്ചാബ് കളിക്കും. ഇതില്‍ ഒരു കളി ജയിച്ചാല്‍ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാമെങ്കിലും രണ്ട് കളികള്‍ ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടാനുള്ള അവസരം ഉണ്ട്.
12 കളികളില്‍ 14 പോയന്റുമായി നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ കുറച്ച് കടുപ്പമാണ്. 21ന് പ്ലേ ഓഫ് പ്രതീക്ഷയുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ ഒരു മത്സരം. 26ന് അവസാന മത്സരത്തില്‍ പഞ്ചാബിനെയും നേരിടണം. രണ്ട് ടീമുകളും ശക്തരാണ്. ഈ രണ്ട് കളികളിലൊന്ന് ജയിച്ചാല്‍ 16 പോയന്റാവുമെങ്കിലും പ്ലേ ഓഫ് ഉറപ്പില്ലാത്തതിനാല്‍ രണ്ട് മത്സരങ്ങളും ജയിച്ച് 18 പോയന്റോടെ പ്ലേ ഓഫിലെത്താനാവും മുംബൈ ശ്രമിക്കുക.
11 കളികളില്‍ 13 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്കാകട്ടെ അവസാന മൂന്ന് കളികളും ജയിച്ചാല്‍ 19 പോയന്റുമായി പ്ലേ ഓഫ് ഉറപ്പിക്കാം. 18ന് ഗുജറാത്തിനെതിരെയാണ് അവര്‍ ആദ്യം ഇറങ്ങുക. 21ന് മുംബൈയെയും 24ന് പഞ്ചാബിനെയുമാണ് നേരിടേണ്ടത്. അതുകൊണ്ടുതന്നെ ഡല്‍ഹിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മൂന്നില്‍ രണ്ട് കളികളെങ്കിലും ജയിച്ച് പ്ലേ ഓഫിലെത്താനാവും ഡല്‍ഹി ശ്രമിക്കുക.
12 കളികളില്‍ 11 പോയന്റുള്ള നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തക്ക് അവസാന രണ്ട് കളികളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കുകയും വേണം. രണ്ട് മത്സരങ്ങളും എവേ മത്സരങ്ങളാണ്. 17ന് ആര്‍സിബിയെയും 25ന് ഹൈദരാബാദിനെയുമാണ് കൊല്‍ക്കത്തക്ക് നേരിടേണ്ടത്. 11 കളികളില്‍ 10 പോയന്റുമായി ഏഴാം സ്ഥാനത്തുള്ള ലക്‌നൗവിനാകട്ടെ അവസാന മൂന്ന് കളികളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. 19ന് ഹൈദരാബാദിനെയും 22ന് ഗുജറാത്തിനെയും 27ന് ആര്‍സിബെയയുമാണ് ലക്‌നൗവിന് നേരിടേണ്ടത്.



