അമ്പയർമാരുടെ തെറ്റായ തീരുമാനത്തിനെതിരെയാണ് ഷാക്കിബ് രൂക്ഷമായി പ്രതികരിച്ചത്. ആരെങ്കിലുമൊക്കെ പ്രതികരിക്കാനുള്ള ധൈര്യം കാട്ടേണ്ടേ. പക്ഷെ അപ്പോഴും ഷാക്കിബിനെ വില്ലനാക്കിക്കൊണ്ടുള്ള മാധ്യമ തലക്കെട്ടുകൾ ശരിക്കും വേദനിപ്പിച്ചു.

ധാക്ക: ധാക്ക പ്രീമിയര്‍ ഡിവിഷന്‍ ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയിലെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റത്തിൽ ഷാക്കിബ് അൽ ഹസനെ ന്യായീകരിച്ച് ഭാര്യ ഉമ്മി അൽ ഹസൻ. ഷാക്കിബിനെ വില്ലനാക്കി ചിത്രീകരിക്കാനുള്ള ​ഗൂഢാലോചനയാണിതെന്നും യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കപ്പെടുകയാണെന്നും ഉമ്മി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഷാക്കിബിന്റെ നിയന്ത്രണംവിട്ട പെരുമാറ്റം മാധ്യമങ്ങളെല്ലാം ആഘോഷിക്കുകയാണ്. ആദ്യം എനിക്കും അത് രസകരമായി തോന്നി. എന്നാൽ ടെലിവിഷൻ വാർത്തകളിൽ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് മനസിലാവുന്നത്. അപ്പോഴും മാധ്യമങ്ങൾ യഥാർത്ഥ കാരണം മൂടിവെച്ച് ഷാക്കിബിനെ വില്ലനാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.

അമ്പയർമാരുടെ തെറ്റായ തീരുമാനത്തിനെതിരെയാണ് ഷാക്കിബ് രൂക്ഷമായി പ്രതികരിച്ചത്. ആരെങ്കിലുമൊക്കെ പ്രതികരിക്കാനുള്ള ധൈര്യം കാട്ടേണ്ടേ. പക്ഷെ അപ്പോഴും ഷാക്കിബിനെ വില്ലനാക്കിക്കൊണ്ടുള്ള മാധ്യമ തലക്കെട്ടുകൾ ശരിക്കും വേദനിപ്പിച്ചു. ഇത് അദ്ദേഹത്തെ കുടുക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കരുതേണ്ടിവരും. നിങ്ങളൊരു ക്രിക്കറ്റ് ആരാധകനാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് എന്തായാലും വളരെയധികം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ്- ഉമ്മി അൽ ഹസൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് മുഹമ്മദന്‍സ് താരമായ ഷാക്കിബ് എൽബിഡബ്ല്യു അപ്പീലിനുശേഷം നിയന്ത്രണംവിട്ട് പെരുമാറിയത്. അബഹാനിയുടെ താരമായ മുഷ്ഫിഖുര്‍ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എല്‍ബിഡബ്ല്യൂവിന് അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ നോണ്‍സ്‌ട്രൈക്കിംഗ് എൻഡിലെ സ്റ്റംപ് കാലുകൊണ്ടു തട്ടിത്തെറിപ്പിച്ചു. പിന്നാലെ അംപയറോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

Scroll to load tweet…

സംഭവം അവിടെയും തീര്‍ന്നില്ല. പിന്നാലെ ആറാം ഓവറില്‍ മഴയെത്തി. ഇതോടെ അംപയര്‍ക്ക് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു. ഒരിക്കല്‍കൂടി നോണ്‍സ്‌ട്രൈക്കിലെ അംപയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിഞ്ഞു. പിന്നാലെ അംപയറോട് കടുത്തരീതിയതില്‍ സംസാരിക്കുന്നതിലും വിഡീയോയില്‍ കാണാമായിരുന്നു.

Scroll to load tweet…

സംഭവത്തിന് പിന്നാലെ ഷാക്കിബ് ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. ഒരു സീനിയര്‍ താരത്തില്‍ നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല ഇതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഷാക്കിബ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.