ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ പരാജയ മുനമ്പില്‍ നിന്ന് ഇംഗ്ലണ്ട് നേടിയ ഐതിഹാസിക ജയത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആദ്യം അറിയിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിലെ ബിയാറിറ്റ്സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിനിടെയാണ് മോദി ഇംഗ്ലണ്ടിന്റെ ചരിത്ര ജയത്തെക്കുറിച്ച് മോറിസണോട് പറഞ്ഞത്.

ഇംഗ്ലണ്ടിന്റെ വിജയം ഏറെക്കുറെ അസാധ്യമെന്ന് കരുതിയിരുന്നതിനാല്‍ മത്സരത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ മോദി ഇക്കാര്യം യോഗത്തിനിടെ ബോറിസ് ജോണ്‍സണോട് പറഞ്ഞു. അപ്പോള്‍ മാത്രമാണ് ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം അറിയുന്നത്. ഇംഗ്ലണ്ടിന്റെ ഐതിഹാസിക ജയത്തില്‍ ആവേശഭരിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗം പൂര്‍ത്തിയായശേഷം ഒരു ഐപാഡ് വരുത്തിച്ച് മത്സരത്തിന്റെ ഹൈലൈറ്റ്സ് കണ്ടു.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിന്റെ നാടകീയ ജയത്തില്‍ ഓസീസ് പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. ഞങ്ങള്‍ ഒന്നും വെറുതെ വിട്ടുകളയില്ലെന്ന് ഓസീസ് പ്രധാനമന്ത്രിയോട് ബോറിസ് ജോണ്‍സണ്‍ പറഞ്ഞപ്പോള്‍ ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ടെന്നായിരുന്നു ഓസീസ് പ്രധാനമന്ത്രിയുടെ മറുപടി.