ദുബായ്: ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്രംകുറിച്ച് പാപുവ ന്യൂ ഗിനിയ. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് പാപുവ ന്യൂ ഗിനിയ യോഗ്യത നേടി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ കെനിയയെ തോല്‍പിച്ചാണ് പാപുവ ന്യൂ ഗിനിയയുടെ മുന്നേറ്റം.

നെതര്‍ലന്‍ഡ്‌സ് അവസാന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ പരാജയപ്പെടുത്തി പോയിന്‍ പട്ടികയില്‍ പാപുവ ന്യൂ ഗിനിയക്ക് ഒപ്പമെത്തിയെങ്കിലും മികച്ച റണ്‍റേറ്റ് അവര്‍ക്ക് തുണയായി. അയര്‍ലന്‍ഡും ലോകകപ്പ് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.  അടുത്തവര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുക.

ദുബായില്‍ കെനിയക്കെതിരെ നടന്ന മത്സരത്തില്‍ 45 റണ്‍സിനായിരുന്നു പാപുവ ന്യൂ ഗിനിയയുടെ ജയം. ബാറ്റിംഗില്‍ ആദ്യം 19 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലേയ്ക്ക് തകര്‍ന്ന ഇവര്‍ പിന്നീട് നോര്‍മാന്‍ വാനുവയുടെ അര്‍ദ്ധ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 118 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയുടെ ഇന്നിംഗ്സ് 73 റണ്‍സില്‍ അവസാനിച്ചു.