ഹാർദിക്കിനെ കളിക്കാരനായി നിലനിർത്തണോ എന്നതിലും ചർച്ച നടക്കുന്നതായാണ് സൂചന.
മുംബൈ: ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത് നിന്ന് മാറ്റും എന്ന് റിപ്പോർട്ട് .തുടർച്ചയായ സീസണുകളിലെ ടീമിൻറെ മോശം പ്രകടനം കാരണം ആണ് തീരുമാനം എന്ന് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇത്തവണ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ഹാർദിക്കും ടീമിലെ സീനിയർ താരങ്ങളും തമ്മിൽ സ്വരചേർച്ചയിൽ അല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കളിക്കളത്തിലും പുറത്തും ഹാർദിക്കിന്റെ പെരുമാറ്റം സംബന്ധിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഹാർദിക്കിനെ കളിക്കാരനായി നിലനിർത്തണോ എന്നതിലും ചർച്ച നടക്കുന്നതായാണ് സൂചന. 2024ൽ ആണ് രോഹിത് ശർമയെ മാറ്റി ഹാർദിക് മുംബൈ നായകസ്ഥാനം ഏറ്റെടുത്തത്. അതേസമയം ടീമിലെ എല്ലാ കളിക്കാരും പരിശീലകരുടെ നിർദേശങ്ങൾ അനുസരിക്കണമെന്ന് സന്ദേശം കൂടി താരങ്ങൾക്ക് കൈമാറും എന്നാണ് റിപ്പോർട്ട്. അംബാനിമാരുടെ വ്യവസായ ഗ്രൂപ്പ് ആയ റിലയൻസ് ആണ് മുംബൈ ഇന്ത്യൻസിൻറെ ഉടമകൾ.
2026 സീസണിൽ കളിച്ച 14 മത്സരങ്ങളിൽ 10 എണ്ണത്തിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.തുടർച്ചയായ ആറാം വർഷമാണ് മുംബൈ ഇന്ത്യൻസ് കിരീടത്തിന് അടുത്തെത്താതെ മടങ്ങുന്നത്. ഈ സീസണിൽ ഉടനീളം ഹാർദിക്കിനെ ക്യാപ്റ്റനായി നിലനിർത്താൻ ടീം മാനേജ്‌മെന്റിന് താല്പര്യമില്ലെന്ന സൂചനകൾ ശക്തമായിരുന്നു.


