എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞിട്ടും സെല്‍ഫി എടുക്കാന്‍ വന്നവര്‍ മടങ്ങിപ്പോയില്ല. ഒടുവില്‍ ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ മാനേജര്‍ ഇവരോട് ഹോട്ടല്‍ വിട്ടുപോകാന്‍ നിര്‍ദേശിച്ചു.
മുംബൈ: ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെയും സുഹൃത്തിനെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചു. മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്താണ് ആക്രമണം നടന്നത്. പൃഥ്വി ഷാക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ കാര്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മുംബൈയിലെ ഒഡിശ്വര പോലീസ് എട്ടു പേര്‍ക്കെതിരെ കേസെടുത്തു. പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പൃഥ്വി ഷായും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചു തകര്‍ത്ത അക്രമികള്‍ പിന്നീട് കാറിനെ പിന്തുടര്‍ന്ന് പണം നല്‍കിയില്ലെങ്കില്‍ വ്യാജപരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയതായി സുരേന്ദ്ര യാദവ് നല്‍കിയ പരാതിയില്‍ പറയുന്നു. സാന്ദാക്രൂസിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ രണ്ട് പേര്‍ വന്ന് സെല്‍ഫി എടുത്തോട്ടെ എന്ന് പൃഥ്വി ഷായോട് ചോദിച്ചിരുന്നു. ആദ്യം വന്ന രണ്ടുപേര്‍ക്കൊപ്പം സെല്‍ഫി എടുത്തെങ്കിലും പിന്നീട് ഇതേ ആളുകള്‍ വേറെ ചിലരെ കൂട്ടി എത്തി സെല്‍ഫി എടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.
എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞിട്ടും സെല്‍ഫി എടുക്കാന്‍ വന്നവര്‍ മടങ്ങിപ്പോയില്ല. ഒടുവില്‍ ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ മാനേജര്‍ ഇവരോട് ഹോട്ടല്‍ വിട്ടുപോകാന്‍ നിര്‍ദേശിച്ചു. പുറത്തുപോയ ഇവര്‍ ഷായും സുഹൃത്തും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നവതുവരെ ഹോട്ടലിന് പുറത്ത് കാത്തു നിന്നു. ഇരുവരും കാറില്‍ ഹോട്ടലിന് പുറത്തെത്തിയപ്പോള്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
സുഹൃത്തിന്‍റെ ബിഎംഡബ്ല്യു കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പൃഥ്വി ഷാ കാറിലുണ്ടായിരുന്നതിനാല്‍ കൂടുതല്‍ തര്‍ക്കത്തിന് നില്‍ക്കാതെ മറ്റൊരു കാറില്‍ അവിടെ നിന്ന് രക്ഷപ്പെട്ട തങ്ങളെ അക്രമികള്‍ പിന്തുടരുകയും ജോഗേശ്വരി ലോട്ടസ് പെട്രോള്‍ പമ്പിന് സമീപത്ത് എത്തിയപ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. ഒരു സ്ത്രീ വന്ന് പൊലിസില്‍ പരാതി നല്‍കാതിരിക്കണമെങ്കില്‍ 50000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും പൃഥ്വിയുടെ സുഹൃത്ത് നല്‍കിയ പരാതിയില്‍ പറയുന്നു.
പൃഥ്വിക്കൊപ്പം സെല്‍ഫി എടുത്ത ആളുകളുടെ ഫോണ്‍ നമ്പറുകള്‍ ഹോട്ടലില്‍ നിന്ന് ശേഖരിച്ച പോലീസ് ഇവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഏറെ നാളുകള്‍ക്കുശേഷം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെത്തിയ ഷാക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
