ഹാമില്‍ട്ടണ്‍: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ന്യൂസിലന്‍ഡ് ഇലവനെതിരെ നടക്കുന്ന ത്രിദിന പരിശീലന മത്സരത്തില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 87 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 35 റണ്‍സുമായി ഷായും 17 പന്തില്‍ 23 റണ്‍സുമായി മായങ്കു ക്രീസില്‍.

ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ ഷായും ഒരു റണ്ണെടുത്ത് പുറത്തായ മായങ്കും കിവി ബൗളര്‍മാര്‍ക്ക് അതിന്റെ പലിശയടക്കം തിരിച്ചുകൊടുത്താണ് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയത്  ഏഴോവറിലാണ് ഇന്ത്യ 59 റണ്‍സെടുത്തത്. ഇതില്‍ പൃഥ്വി ഷാ അഞ്ച് ഫോറും ഒരു സിക്സറും പറത്തിയാണ് 35 റണ്‍സിലെത്തിത്. സെവാഗിന് അനുസ്മരിപ്പിക്കുന്ന അപ്പര്‍ കട്ടായിരുന്നു.

പ്രതാപകാലത്ത് സെവാഗ് പേസര്‍മാര്‍ക്കെതിരെ കളിച്ചിരുന്ന അപ്പര്‍ കട്ടിന്റെ തനി പകര്‍പ്പായിരുന്നു പൃഥ്വിയും കളിച്ചത്. ഒറ്റനോട്ടത്തില്‍ രണ്ടുപേരുടെയും ഷോട്ടുകള്‍ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക അസാധ്യം. ആദ്യ ടെസ്റ്റില്‍ പൃഥ്വിക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കെയാണ് യുവതാരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് എന്നതും ശ്രദ്ധേയമാണ്.