മുംബൈ: പരിക്ക് മാറി കായികക്ഷമത തെളിയിച്ച യുവതാരം പൃഥ്വി ഷാ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനൊപ്പം ചേരും. കഴിഞ്ഞ ആഴ്ച രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് പൃഥ്വി ഷായുടെ തോളിന് പരിക്കേറ്റത്. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന യോ യോ ടെസ്റ്റില്‍ കായികക്ഷമത തെളിയിച്ച സാഹചര്യത്തില്‍ ഷായെ ന്യൂസിലന്‍ഡില്‍ ഇന്ത്യ എ ടീമിനൊപ്പം അയക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഷാ തിരിച്ചെത്തുന്നതോടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ റിസര്‍വ് ഓപ്പണര്‍ സ്ഥാനത്തേക്കും താരത്തെ പരിഗണിക്കാനാവും. അടുത്ത മാസം 21ന് ആണ് ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിലക്ക് നേരിട്ട ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്ലായിരുന്നു ഇന്ത്യ എയുടെ ഓപ്പണറായി ഇറങ്ങിയിരുന്നത്.

എന്നാല്‍ ഷാ ഓപ്പണറായി തിരിച്ചെത്തുന്നതോടെ ഗില്‍ മൂന്നാ നമ്പറിലേക്ക് മാറും. ഈ മാസം 19നാണ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമിലായിരുന്ന ഷാ രഞ്ജിയില്‍ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയിരുന്നു.