കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. നേരത്തെ രോഗികള്‍ക്ക് പ്രതിരോധ മരുന്നുകളും, ഓക്‌സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതില്‍ മുന്‍കൈ എടുത്തിരുന്നു അദ്ദേഹം. ഗംഭീറിന്റെ പ്രവര്‍ത്തനങ്ങള്‍ കയ്യടി നേടുകയും ചെയ്തു.

ഗംഭീര്‍ ചെയ്തത് വലിയ കാര്യമെങ്കിലും മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ അപക്വമായിപോയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. മരുന്ന് ദൗര്‍ലഭ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗൗതം ഗംഭീറിന്റെ നടപടി ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കകം അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. 

ഡല്‍ഹിയില്‍ കൊറോണ വ്യാപനം അതിരൂക്ഷമായിരിന്നു. പലയിടങ്ങളിലും, ഓക്‌സിജനും, പ്രതിരോധ മരുന്നുകള്‍ക്കും ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബിജെപി എംപിയുടെ പ്രവര്‍ത്തനങ്ങള്‍. വൈറസ് പ്രതിരോധ മരുന്നായ ഫാബി ഫ്‌ളൂവാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്. നേരിയ ലക്ഷണങ്ങളുള്ള രോഗികളില്‍ ഈ മരുന്ന് ഫലം ചെയ്യും.