പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസികളില്‍ നിന്നും ബ്രോഡ്കാസ്റ്റർമാരിൽ നിന്നും കോടികളുടെ കുടിശ്ശിക ഈടാക്കാൻ നിയമനടപടികളുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. എന്നാൽ, സെൻട്രൽ പൂളിൽ നിന്നുള്ള വരുമാന വിഹിതം തങ്ങൾക്ക് പിസിബി നൽകാനുണ്ടെന്ന് ഫ്രാഞ്ചൈസികളും ആരോപിക്കുന്നു. ബ്രോഡ്കാസ്റ്റിംഗ് പങ്കാളികൾ പണം നൽകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസികളും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം രൂക്ഷമാകുന്നു. ഫ്രാഞ്ചൈസികള്‍, ബ്രോഡ്കാസ്റ്റ് പങ്കാളികള്‍, വാണിജ്യ സഹകാരികള്‍ എന്നിവരില്‍ നിന്നായി കോടിക്കണക്കിന് രൂപ കുടിശ്ശിക ഈടാക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയാണ് പിസിബി. കുടിശ്ശിക ഉടന്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിസിബി ഇതിനോടകം തന്നെ പല സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്കും നിയമപരമായ നോട്ടീസ് അയച്ചു കഴിഞ്ഞു.

കുടിശ്ശിക തിരിച്ചടച്ചില്ലെങ്കില്‍ കരാറുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ചില പിഎസ്എല്‍ ഫ്രാഞ്ചൈസികള്‍ വാര്‍ഷിക ഫീസ് അടച്ചുതീര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ബോര്‍ഡിന് പണം നല്‍കാനുണ്ടെങ്കിലും, തങ്ങള്‍ക്കും പിസിബിയില്‍ നിന്ന് കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ടെന്നാണ് ഫ്രാഞ്ചൈസികളുടെ വാദം. സെന്‍ട്രല്‍ പൂളില്‍ നിന്നുള്ള വരുമാന വിഹിതം ബോര്‍ഡ് കൃത്യമായി നല്‍കുന്നില്ലെന്ന് അവര്‍ ആരോപിക്കുന്നു. ഒരു ഫ്രാഞ്ചൈസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 96 കോടി രൂപ പിഎസ്എല്ലിന്റെ ഇനിയും ലഭിക്കാനുണ്ട്. കൂടാതെ, 2025 സാമ്പത്തിക വര്‍ഷത്തിലെ വിഹിതമായി 40 മുതല്‍ 45 കോടി രൂപ വരെ ഓരോ ഫ്രാഞ്ചൈസിക്കും ബോര്‍ഡ് നല്‍കാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ പ്രതിസന്ധി

പിസിബി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി ബ്രോഡ്കാസ്റ്റിംഗ് മേഖലയില്‍ നിന്നാണ്. പിഎസ്എല്ലിന്റെയും അന്താരാഷ്ട്ര മത്സരങ്ങളുടെയും സംപ്രേക്ഷണാവകാശം ഏറ്റെടുത്ത പ്രമുഖ മീഡിയ കമ്പനി ഏകദേശം 450 കോടി രൂപയുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ തുക നല്‍കാതിരിക്കുന്നത്. ഇത് ബോര്‍ഡിന്റെ സാമ്പത്തിക ഓഡിറ്റിംഗിനെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

സങ്കീര്‍ണ്ണമായ കരാറുകള്‍

പിഎസ്എല്‍ 11ന്റെ സംപ്രേക്ഷണാവകാശം റാവല്‍പിണ്ടി ഫ്രാഞ്ചൈസി ഉടമസ്ഥതയിലുള്ള പുതിയ കമ്പനിയാണ് വാങ്ങിയത്. എന്നാല്‍ ഇവര്‍ ഈ അവകാശം വീണ്ടും പഴയ ഡിഫോള്‍ട്ടര്‍ കമ്പനിക്ക് തന്നെ മറിച്ചുനല്‍കിയത് സാമ്പത്തിക ഇടപാടുകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. അതേസമയം, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പോലുള്ള ഫ്രാഞ്ചൈസികള്‍ തങ്ങളുടെ ബാധ്യതകള്‍ കൃത്യമായി തീര്‍പ്പാക്കിയിട്ടുണ്ട്. ഇത് ബോര്‍ഡിന് ആശ്വാസമാണെങ്കിലും, വരും സീസണുകളില്‍ ഈ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കേണ്ട മിനിമം ഗ്യാരണ്ടി തുക കണ്ടെത്തുക എന്നത് പിസിബിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

YouTube video player