ദില്ലി: കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച കൃഷ്ണപ്പ ഗൗതം വരുന്ന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കും. കര്‍ണാടക പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ഇത്തവണ ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഗൗതം. രാജസ്ഥാന്‍ കിങ്‌സ് ഇലവനില്‍ നിന്നും വാങ്ങിയ അങ്കിത് രജ്പൂതിന് പകരമായിട്ടാണ് ഗൗതം പഞ്ചാബിനായി കളിക്കുക. 

ഇക്കഴിഞ്ഞ ദേവ്ധര്‍ ട്രോഫിയില്‍ ഗൗതം ഒരു ഓവറില്‍ 28 റണ്‍സ് അടിച്ചെടുത്തിരുന്നു. അതേസമയം രാജസ്ഥാന്‍ റോയല്‍സിലെത്തിയ രജ്പൂത് 23 ഐപിഎല്‍ മത്സരങ്ങളില്‍ 22 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ്. 2018 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് വില്‍ക്കുന്ന രണ്ടാമത്തെ താരമാണ് രജ്പൂത്. നേരത്തെ ആര്‍ അശ്വിനെ ഡല്‍ഹിക്ക് കൈമാറിയിരുന്നു. ജഗദീഷ് സുജിത്താണ് പകരം കിംഗ്‌സ് ഇലവനിലെത്തിയത്. 

കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനായി കളിച്ച ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് അടുത്തവര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സിയിലെത്തും. രണ്ട് സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി കളിച്ച ശേഷമാണ് ബോള്‍ട്ട് മുംബൈയിലെത്തുന്നത്. 33 മത്സരങ്ങള്‍ കളിച്ച ബോള്‍ട്ടിന്റെ അക്കൗണ്ടില്‍ 38 വിക്കറ്റുകളുണ്ട്.