ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഈ സീസണിലെ പഞ്ചാബിന്‍റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്.

ചണ്ഡീഗഢ്: ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ ശിക്ഷാ നടപടിക്ക് ഇരയായി പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ശ്രേയസിന് 12 ലക്ഷം രൂപയാണ് ബിസിസിഐ പിഴ ചുമത്തിയത്. മത്സരത്തിൽ ഗുജറാത്തിനെതിരെ പഞ്ചാബ് മൂന്ന് വിക്കറ്റിന്‍റെ ആവേശജയം നേടിയതിന് പിന്നാലെയാണ് പഞ്ചാബ് നായകന് ബിസിസിഐ കനത്ത പിഴ ചുമത്തിയത്.

ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഈ സീസണിലെ പഞ്ചാബിന്‍റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്. കഴിഞ്ഞ സീസണിലും സമാനമായ കുറ്റത്തിന് അയ്യർ രണ്ടുതവണ പിഴയൊടുക്കിയിരുന്നു. അന്ന് രണ്ടാമത്തെ തവണ നിയമം ലംഘിച്ചപ്പോൾ 24 ലക്ഷം രൂപയായിരുന്നു ശിക്ഷ. ഗുജറാത്തിനെതിരായ ജയത്തോടെ പഞ്ചാബ് പോയിന്‍റ് പട്ടികയിൽ അക്കൗണ്ട് തുറന്നെങ്കിലും, വരും മത്സരങ്ങളിൽ ഓവർ റേറ്റിന്‍റെ കാര്യത്തിൽ ശ്രേയസ് അയ്യർക്ക് കരുതലെടുക്കേണ്ടി വരും. ഇനിയൊരു നിയമലംഘനം കൂടി ഉണ്ടായാൽ പിഴത്തുക ഇരട്ടിയാകാനും സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നേരിടാനും സാധ്യതയുണ്ട്.

മുള്ളൻപൂരില്‍ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിനെ 162 റൺസിൽ ഒതുക്കാൻ പഞ്ചാബ് ബൗളർമാർക്ക് സാധിച്ചിരുന്നു. ശുഭ്‌മാൻ ഗില്ലും (39), ജോസ് ബട്‌ലറും (38) മികച്ച തുടക്കം നൽകിയെങ്കിലും യുസ്‌വേന്ദ്ര ചാഹലിന്‍റെയും മാർക്കോ യാൻസന്‍റെയും കൃത്യതയാർന്ന ബൗളിംഗാണ് ഗുജറാത്തിനെ പിടിച്ചു കെട്ടിയത്. അവസാന 5 ഓവറിൽ വെറും 34 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. മറുപടി ബാറ്റിംഗില്‍ പ്രഭ്സിമ്രാൻ സിംഗും കൂപ്പർ കോണോളിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തതോടെ പഞ്ചാബ് അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

എന്നാൽ 13-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ മത്സരം മാറ്റിമറിച്ചു. വെറും 10 പന്തിനിടെ 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ പ്രസിദ്ധ് പഞ്ചാബിനെ കൂട്ടത്തകര്‍ച്ചയിലാക്കി. 110/2 എന്ന നിലയിൽ നിന്ന് 118/6 എന്ന നിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തിയെങ്കിലും 22-കാരൻ കൂപ്പർ കോണോളിയുടെ അപരാജിത അര്‍ധസെഞ്ചുറി പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചു. 44 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ കോണോളിയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക