Asianet News MalayalamAsianet News Malayalam

വേഗമാണ് അശ്വിന്റെ മെയ്ന്‍! റെക്കോര്‍ഡ് നേട്ടത്തില്‍ പിന്നിലായത് ഇതിഹാസങ്ങളായ കുംബ്ലെയും വോണും

കുംബ്ലെയ്ക്ക് ശേഷം 450 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരവുമായി അശ്വിന്‍. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങള്‍ കുംബ്ലെ മാത്രമാണ് ഇനി അശ്വിന്റെ മുന്നിലുള്ളത്. 132 ടെസ്റ്റില്‍ 619 വിക്കറ്റാണ് കുംബ്ലെയുടെ സമ്പാദ്യം.

R Ashwin creates epic record after he bowled Alex Carey saa
Author
First Published Feb 9, 2023, 2:12 PM IST

നാഗ്പൂര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കിയതിന് പിന്നാലെ ആര്‍ അശ്വിനെ തേടി സുപ്രധാന നേട്ടം. ക്യാരിയെ ബൗള്‍ഡാക്കിയതിന് പിന്നാലെ ടെസ്റ്റില്‍ വേഗത്തില്‍ 450 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമായിരിക്കുകയാണ് അശ്വിന്‍. 89 ടെസ്റ്റില്‍ നിന്നായിരുന്നു അശ്വിന്റെ നേട്ടം. 80 ടെസ്റ്റില്‍ ഇത്രയും വിക്കറ്റുകളെടുത്ത മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമന്‍. അനില്‍ കുംബ്ലെ (93), ഗ്ലെന്‍ മഗ്രാത് (100), ഷെയന്‍് വാണ്‍ (101) എന്നിവര്‍ പിന്നിലുണ്ട്. 

കുംബ്ലെയ്ക്ക് ശേഷം 450 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരവുമായി അശ്വിന്‍. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങള്‍ കുംബ്ലെ മാത്രമാണ് ഇനി അശ്വിന്റെ മുന്നിലുള്ളത്. 132 ടെസ്റ്റില്‍ 619 വിക്കറ്റാണ് കുംബ്ലെയുടെ സമ്പാദ്യം. 131 മത്സരങ്ങളില്‍ 434 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവ് മൂന്നാമത്. ഹര്‍ഭജന്‍ സിംഗ് (417), സഹീര്‍ ഖാന്‍ (311) എന്നിവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളില്‍. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് അശ്വിന്‍ നിലവിലുള്ളത്. ക്യാരിയെ പുറത്താക്കിയതിന് പിന്നാലെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനേയും (6) അശ്വിന്‍ തിരിച്ചയച്ചു. വിരാട് കോലിക്ക് ക്യാച്ച്.

ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡാണ് ആര്‍ അശ്വിനുള്ളത്. കങ്കാരുക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ നിലവില്‍ മൂന്നാമതുണ്ട് അശ്വിന്‍. 18 കളിയില്‍ 89 വിക്കറ്റാണ് അശ്വിന്റെ കീശയിലുള്ളത്. 20 ടെസ്റ്റില്‍ 111 വിക്കറ്റുമായി അനില്‍ കുംബ്ലെയും 18 മത്സരങ്ങളില്‍ 95 പേരെ പുറത്താക്കിയ ഹര്‍ഭജന്‍ സിംഗുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കുംബ്ലെ പത്തും ഭാജി ഏഴും അശ്വിന്‍ അഞ്ചും തവണ ഓസീസിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടുണ്ട്. 103 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് സന്ദര്‍ശകര്‍ക്കെതിരെ അശ്വിന്റെ ഏറ്റവും മികച്ച പ്രകടനം.

ലിയോണും നാഴികക്കല്ലിനരികെ 

പരമ്പരയില്‍ ഓസീസിന്റെ നിര്‍ണായക സ്പിന്നറായ നേഥന്‍ ലിയോണിനേയും കാത്ത് നേട്ടമുണ്ട്. ആറ് വിക്കറ്റ് സ്വന്തമാക്കിയാല്‍ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ലിയോണിനാകും. 22 മത്സരങ്ങളില്‍ 94 വിക്കറ്റാണ് ലിയോണിന്റെ സമ്പാദ്യം. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തേയും ആദ്യത്തെ ഓസീസ് താരവുമാകാനാണ് ലിയോണ്‍ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണ്‍(35 മത്സരങ്ങളില്‍ 139 വിക്കറ്റ്), ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍(22 കളിയില്‍ 105 വിക്കറ്റ്) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ വിദേശ ബൗളര്‍മാര്‍. 

ആദ്യ അഭിനന്ദനം, പിന്നാലെ ബൗള്‍ഡ്! അമ്പരപ്പ് മാറാതെ സ്മിത്ത്; ഓസീസ് താരത്തെ പുറത്താക്കിയ ജഡേജയുടെ പന്ത്- വീഡിയോ

Follow Us:
Download App:
  • android
  • ios