ഐപിഎല്‍ താരലേലത്തിന് മുമ്പ് തന്‍റെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 19ന് ദുബായില്‍ നടക്കുകയാണ്. ആകെ 77 താരങ്ങളുടെ ഒഴിവാണ് ലേലത്തില്‍ നികത്തപ്പെടേണ്ടത് എങ്കില്‍ 333 കളിക്കാരുടെ വിശാലമായ പട്ടികയാണ് ലേലമേശയില്‍ എത്തുക. ഇതില്‍ 214 പേര്‍ ഇന്ത്യന്‍ താരങ്ങളും 119 ആളുകള്‍ വിദേശികളും രണ്ട് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ടീമുകള്‍ സ്വന്തമാക്കേണ്ട 77 താരങ്ങളില്‍ 30 പേര്‍ വിദേശികളാണ്. ലേലത്തിനുള്ള 116 താരങ്ങള്‍ ക്യാപ്ഡ് പ്ലെയര്‍സും 215 ആളുകള്‍ അണ്‍ക്യാപ്‌ഡുമാണ്.
ഐപിഎല്‍ താരലേലത്തിന് മുമ്പ് തന്‍റെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. താരങ്ങളെ അഞ്ച് സ്ലോട്ടുകളായി ക്രമീകരിച്ചാണ് അശ്വിന്‍റെ പ്രവചനം. ഡിഫന്‍സ് 2-4 കോടി, ഡ്രൈവ് 4-7 കോടി, പുള്‍ 7-10 കോടി, സ്ലോഗ് 10-14 കോടി, ഹെലികോപ്റ്റര്‍ ഷോട്ട് 14 കോടിയിലധികം എന്നിങ്ങനെയാണ് അശ്വിന്‍ നല്‍കിയിരിക്കുന്ന പ്രൈസ്‌ടാഗ്. പഞ്ചാബ് കിംഗ്സ് കൈവിട്ട തമിഴ്നാട് ബാറ്റര്‍ ഷാരൂഖ് ഖാന് 10നും 14 കോടിക്കും ഇടയില്‍ ലഭിക്കും എന്നതാണ് അശ്വിന്‍റെ ഏറ്റവും വലിയ പ്രവചനങ്ങളിലൊന്ന്. ന്യൂസിലന്‍ഡിന്‍റെ ഏകദിന ലോകകപ്പ് സ്റ്റാര്‍ രച്ചിന്‍ രവീന്ദ്രയ്ക്ക് ഏഴ് കോടി രൂപ വരെ ലഭിക്കാം, ഐപിഎല്‍ 2021ലെ പര്‍പിള്‍ ക്യാപ് ജേതാവ് ഹര്‍ഷല്‍ പട്ടേലിന് 7-10 കോടി ലഭിക്കാം, മറ്റൊരു ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന് 7 കോടി രൂപ വരെ ലഭിക്കാം എന്നും അശ്വിന്‍ പ്രവചിക്കുന്നു.
ലേലത്തിലുള്ള ഓസ്ട്രേലിയന്‍ പേസര്‍മാരായ പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും 14 കോടിയിലധികം ഇന്ത്യന്‍ രൂപ ലഭിക്കും എന്ന വമ്പന്‍ പ്രവചനം അശ്വിന്‍ നടത്തുന്നുണ്ട്. ലോകകപ്പില്‍ തിളങ്ങിയ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിന് 2-4 കോടി രൂപയാണ് അശ്വിന് മതിപ്പുവില കാണുന്നത്. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരങ്കയ്ക്ക് 14 കോടി രൂപ വരെ സാധ്യതയും അശ്വിന്‍ കാണുന്നു. ലോകകപ്പിലെ പ്രകടനം വച്ച് നോക്കുമ്പോള്‍ രച്ചിന്‍ രവീന്ദ്രയ്ക്ക് ഇതിലുമേറെ തുക പലരും സ്വപ്നം കാണുന്നുണ്ട്.
