ഐപിഎല്‍ (IPL 2022) താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത ബ്രേവിസ് തന്റെ ഇഷ്ട ടീമായ റോയല്‍ ചലഞ്ചേഴ്‌സിന് കളിക്കാനുള്ള ആഗ്രഹവും വ്യക്തമാക്കിയിരുന്നു.
ചെന്നൈ: ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാണ് ദക്ഷിണാഫ്രിക്കന്‍ കൗമാരതാരം ഡിവാള്‍ഡ് ബ്രേവിസിന്റെ (Dewlad Brevis) പേര്. അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ബേബി ഡിവില്ലിയേഴ്‌സ് എന്ന പേര് ഇതിനോടകം സ്വന്തമാക്കാന്‍ കൗമാരതാരത്തിനായി. ശൈലിയും ഏറെക്കുറെ ഡിവില്ലിയേഴ്‌സിന്റേത് തന്നെ. വിരാട് കോലിയും ഡിവില്ലിയേഴ്‌സിനേയുമാണ് ബ്രേവിസ് ആരാധിക്കുന്നത്. ഐപിഎല്‍ (IPL 2022) താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത ബ്രേവിസ് തന്റെ ഇഷ്ട ടീമായ റോയല്‍ ചലഞ്ചേഴ്‌സിന് കളിക്കാനുള്ള ആഗ്രഹവും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ താല്‍പര്യകാരുണ്ടാവുക മറ്റൊരു താരത്തിനാണെന്നാണ്് അശ്വിന്‍ (R Ashwin) പറയുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 താരം രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കറെ കുറിച്ചാണ് അശ്വിന്‍ പറയുന്നത്. ''ഹംഗര്‍ഗേക്കര്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല മികച്ചൊരു ലോവര്‍-മിഡില്‍ ഓര്‍ഡര്‍ ബാറ്ററുമാണ്. ഷോട്ടുകള്‍ പായിക്കുമ്പോള്‍ അവനുള്ള കരുത്ത് അവിശ്വസനീയമാണ്.
വരാനിരിക്കുന്ന മെഗാ ലേലത്തില്‍ അഞ്ചു മുതല്‍ 10 വരെ ഓഫറുകള്‍ അവനു ലഭിച്ചേക്കും. ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായ യഷ് ദുളിനും മെഗാ ലേലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയും. അവസാനമായി ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് വാങ്ങിയിരുന്നു. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ പൃഥ്വി ഷായ്ക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കുന്ന പിന്തുണ നമ്മള്‍ കണ്ടതാണ്.'' അശ്വിന്‍ പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ 10 മല്‍സരങ്ങളെടുത്താല്‍ 13 വിക്കറ്റുകള്‍ ഹംഗര്‍ഗേക്കര്‍ വീഴ്ത്തിയിട്ടുണ്ട്. ഫെബ്രുവരി 12, 13 തിയ്യതികളിലായിട്ടാണ് മെഗാ താരലേലം ബെംഗളൂരുവില്‍ നടക്കുന്നത്. ആയിരത്തിനു മുകളില്‍ കളിക്കാര്‍ ലേലത്തിനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ഫ്രാഞ്ചൈസികളാണ് കളിക്കാര്‍ക്കു വേണ്ടി ലേലത്തില്‍ അങ്കത്തട്ടിലിറങ്ങുക.
