ഇന്ത്യയുടെ ഐതിഹാസിക പരമ്പര വിജയത്തില്‍ പന്ത് നിര്‍ണായക പങ്കുവഹിച്ചു. സിഡ്‌നി ടെസ്റ്റ് സമനിലയാക്കുന്നതിന്‍ പന്തിന്റെ 97 റണ്‍സ് നിര്‍ണായകമായിരുന്നു.

മുംബൈ: ഒരു സമയത്ത് ടീമില്‍ നിന്ന് പുറത്താകലിന്റെ വക്കിലായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയും കീപ്പിംഗിനിടെ ചോരുന്ന കൈകളും വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം പന്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. ഇന്ത്യയുടെ ഐതിഹാസിക പരമ്പര വിജയത്തില്‍ പന്ത് നിര്‍ണായക പങ്കുവഹിച്ചു. സിഡ്‌നി ടെസ്റ്റ് സമനിലയാക്കുന്നതിന്‍ പന്തിന്റെ 97 റണ്‍സ് നിര്‍ണായകമായിരുന്നു. അതൊപ്പം നിര്‍ണായകമായ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് പന്തിന്റെ 89 റണ്‍സായിരുന്നു. 

ഇപ്പോള്‍ പന്തിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്പിന്നര്‍ ആര്‍ അശ്വിന്‍. മത്സരഫലം ടീമിന് അനുകൂലമാക്കാന്‍ കഴിവുള്ള താരമാണ് പന്തെന്ന് അശ്വിന്‍ വ്യക്തമാക്കി. ''നമുക്കെല്ലാവര്‍ക്കുമറിയാം പന്ത് ഏത് തരത്തിലുള്ള താരമാണെന്ന്. എതിര്‍ടീമില്‍ നിന്ന് മത്സരം സ്വന്തം ടീമിന് അനുകൂലമാക്കാന്‍ പന്തിന് സാധിക്കും. നന്നായി ബാറ്റ് ചെയ്യുന്ന ഒരു വിക്കറ്റ് കീപ്പര്‍ ആറാം സ്ഥാനത്ത് കളക്കുന്നുവെന്നുള്ളത് ഏതൊരു ടീമിനും സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ബൗളര്‍മാര്‍ക്കെതിരെ പേടിയില്ലാതെ ബാറ്റ് വീശുന്ന സമീപനമാണ് പന്തിനെ വേറിട്ട താരമാക്കുന്നത്.'' അശ്വിന്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ സാധ്യകളെ കുറിച്ചും അശ്വിന്‍ വാചാലനായി. ''ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ജയിംസ് ആന്‍ഡേഴ്ണ്‍ ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ പരിചയസമ്പത്ത് ഗുണം ചെയ്യും. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് റണ്‍സ് കണ്ടെത്താനായാല്‍ ഇന്ത്യക്ക് വലിയ സാധ്യതയുണ്ട്.'' അശ്വിന്‍ പറഞ്ഞുനിര്‍ത്തി. 

ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഫൈനല്‍ കളിച്ച ശേഷമാണ് ഇന്ത്യ, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിറങ്ങുക.