ചെന്നൈ: ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ച ആള്‍ദൈവം നിത്യാനന്ദയെ ട്രോളി ഇന്ത്യന്‍ താരം അശ്വിന്‍. നിത്യാനന്ദയുടെ രാജ്യത്തേക്ക് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും അതോ വിസ ഓണ്‍ അറൈവല്‍ ആണോ എന്നും അശ്വിന്‍ ട്വീറ്റിലൂടെ ചോദിച്ചു.

നിത്യാനന്ദയുടെ രാജ്യം സന്ദര്‍ശിക്കാനോ പൗരത്വമെടുക്കാനോ ആലോചിക്കുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ല എന്നായിരുന്നു അശ്വിന്റെ മറുപടി.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി കൈലാസ എന്ന പേരില്‍ സ്വന്തം 'രാജ്യം' സ്ഥാപിച്ചുവെന്ന് ഒരു ദേശീയ മാധ്യമമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാഗോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ രാജ്യം.  രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്‍റെ പതാകയും, പാസ്പോര്‍ട്ടും നിത്യാനന്ദ പുറത്തിറക്കിയിരുന്നു.

കടുംകാവി നിറത്തില്‍ നിത്യനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. ഒപ്പം രണ്ട് തരം പാസ്പോര്‍ട്ടും പുറത്തിറക്കി. മഹത്തായ ഹിന്ദു രാഷ്ട്രമാണ് ഇതെന്ന് പറയുന്ന നിത്യാനന്ദ ഹിന്ദുധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും പറയുന്നു. എന്നാല്‍ അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണ് കൈലാസ എന്നും രാജ്യം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ മാസം 21നാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് അറിയിച്ചത്. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍  വെച്ചതിനുമാണ് ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്‍റെ പ്രവര്‍ത്തനത്തിനായി അനുയായികളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കാനായാണ്  നിത്യാനന്ദ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.