ചെന്നൈ: മുന്‍ ഇന്ത്യന്‍ താരവും ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലകനുമായിരുന്ന വസീം ജാഫറിനെതിരെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. വസീം ജാഫര്‍ മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി ടീമിനെ ഒരുക്കിയെന്നും ഡ്രസ്സിംഗ് റൂമിനെ വര്‍ഗീയവല്‍ക്കരിച്ചുവെന്നുമായിരുന്നു അസോസിയേഷന്‍റെ ആരോപണം. ഇതിനെത്തുടര്‍ന്ന് ജാഫര്‍ തന്‍റെ നിലപാട് വിശദീകരിക്കുകയും അനില്‍ കുബ്ലെ, ഇര്‍ഫാന്‍ പത്താന്‍, മനോജ് തിവാരി തുടങ്ങിയ താരങ്ങള്‍ ജാഫറിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് തലേന്ന് മാധ്യമങ്ങളെ കണ്ട രഹാനെ സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടെടുത്തു. സര്‍, ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. എന്താണ് നടന്നതെന്നും അറിയില്ല. അറിയാത്ത വിഷയത്തെക്കുറിച്ച് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ജാഫര്‍ വിവാദത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രഹാനെയുടെ മറുപടി. മുംബൈക്കായും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനായും ദീര്‍ഘകാലം ഒരുമിച്ച് കളിച്ച താരങ്ങളാണ് രഹാനെയും ജാഫറും.

ടീം സിലക്ഷനില്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ ഉൾപ്പെടെയുള്ളർ വ്യാപകമായി ഇടപെടുന്നെന്ന് ആരോപിച്ചാണ് ജാഫര്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ചത്.  അനര്‍ഹരെ ടീമില്‍ തിരുകി കയറ്റാന്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ജാഫര്‍ രാജിക്കത്തില്‍ വിശദീകരിച്ചിരുന്നു.

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച ജാഫര്‍ തന്‍റെ രാജിക്കെതിരെ ഉന്നയിച്ച വർഗീയവശം സങ്കടകരമാമെന്നും വ്യക്തമാക്കിയിരുന്നു. ബംഗ്ലദേശ് ദേശീയ ടീമിന്‍റെ ബാറ്റിംഗ് പരിശീലകനാകാനുള്ള വാഗ്‌ദാനം വരെ നിരസിച്ചാണ് ഉത്തരാഖണ്ഡ് ടീമിന്‍റെ പരിശീലകനായതെന്നും രാജിക്കത്തിൽ വസീം ജാഫർ സൂചിപ്പിച്ചിരുന്നു. പൂർണ അർപ്പണബോധത്തോടെയാണ് ഇതുവരെ ഉത്തരാഖണ്ഡ് ടീമിനെ പരിശീലിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.