സിഡ്നി: മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ വിജയശിൽപിയായത് അജിങ്ക്യ രഹാനെ ആയിരുന്നു. ഓസ്ട്രേലിയൻ പിച്ചുകളിൽ കളിക്കാനായി മുംബൈ താരം പ്രത്യേക പരിശീലനം നടത്തിയുരുന്നുവെന്ന് രഹാനെയുടെ കോച്ച് പ്രവീൺ ആംറെ പറയുന്നു.  പരമ്പരയിൽ രണ്ട് ടെസ്റ്റ് പൂർത്തിയായപ്പോൾ 181 റൺസുമായി ഇന്ത്യൻ റൺവേട്ടക്കാരിൽ ഒന്നാമനും രഹാനെ തന്നെ.

ഈ ബാറ്റിംഗ് മികവിന് പിന്നിൽ കഠിന പരിശീലനം ഉണ്ടായിരുന്നുവെന്ന് രഹാനെയുടെ പരിശീലനകനും മെന്‍ററുമായ പ്രവീൺ ആംറെ പറയുന്നു. ഓസ്ട്രേലിയൻ പര്യടനത്തിന് മുൻപ് തന്നെ അവിടുത്തെ സാഹചര്യം ഒരുക്കിയായിരുന്നു രഹാനെയുടെ പരിശീലനം. പ്രത്യേക പന്തുകൾ ഉപയോഗിച്ചും വിക്കറ്റിൽ പ്രത്യേക സ്ഥലങ്ങളിൽ പന്തെറിഞ്ഞും ഏറെനേരം പരിശീലനം നടത്തി.

ഇതിനിടെ ശരീരത്തിൽ നിരവധി ഏറുകൾ ഏറ്റുവാങ്ങി. പന്തുകളോട് ഏറ്റവും വേഗത്തിൽ പ്രതികരിക്കാൻ കഴിയും വിധമായിരുന്നു രഹാനെയുടെ പരിശീലനമെന്നും ഇന്ത്യയുടെ മുൻതാരം കൂടിയായ പ്രവീൺ ആംറെ പറഞ്ഞു. വിരാട് കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച രഹാനെ മെൽബണിൽ ആദ്യ ഇന്നിംഗ്സിൽ 112 റൺസെടുത്തപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 27 റൺസുമായി പുറത്താവാതെ നിന്നു.