ലക്നോ: ഇന്ത്യന്‍ പിച്ചില്‍ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയെയും വെല്ലുന്ന ബൗളിംഗ് പ്രകടനവുമായി വിന്‍ഡീസിന്റെ 'ഭീമന്‍' സ്പിന്നര്‍ റഹീം കോണ്‍വാള്‍. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റുമായി തിളങ്ങിയ കോണ്‍വാള്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 2017നുശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ സ്പിന്നറായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കോണ്‍വാളിന്റെയും റോസ്റ്റണ്‍ ചേസിന്റെയും ബൗളിംഗ് മികവില്‍ അഫ്ഗാന്റെ രണ്ടാം ഇന്നിംഗ്സ് 109/7 ലേക്ക് തള്ളിവിട്ട വിന്‍ഡീസ് വിജയത്തിന് തൊട്ടരികെയാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ അഫ്ഗാനിപ്പോള്‍ 19 റണ്‍സിന്റെ  ലീഡ് മാത്രമെയുള്ളു. രണ്ട് റണ്‍സോടെ അഫ്സര്‍ സാസയി ആണ് ക്രീസില്‍.

ഓപ്പണിംഗ് വിക്കറ്റില്‍ ഇബ്രാഹിം സര്‍ദ്രാനും(23), ജാവേദ് അഹമ്മദിയും(62) ചേര്‍ന്ന് 53 റണ്‍സടിച്ചശേഷമാണ് അഫ്ഗാന്‍ തകര്‍ന്നടിഞ്ഞത്. നേരത്തെ സെഞ്ചുറി നേടിയ ഷമാര്‍ ബ്രൂക്സിന്റെയും(111) അര്‍ധസെഞ്ചുറി നേടിയ ജോണ്‍ ഡൗറിച്ചിന്റെയും(55), ഷെയ്ന്‍ ഡൗറിച്ചിന്റെയും(42) ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ 277 റണ്‍സടിച്ചിരുന്നു. അഫ്ഗാനായി അമീര്‍ ഹംസ അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഇന്നിംഗ്സില്‍ അഫ്ഗാന്‍ 187 റണ്‍സാണ് അടിച്ചത്.