പതിറ്റാണ്ടുകളായി മനസിൽ വൃണപ്പെട്ട് കിടന്ന ഒരു മുറിവ് സൗഖ്യപ്പെട്ട നിമിഷം കൂടിയായിരുന്നു ദ്രാവിഡിന് ഇത്. 2007ൽ പോർട്ട് ഓഫ് സ്പെയിനിൽ കണ്ട പേക്കിനാവ് ഇനി അയാളുടെ നിദ്രകളെ അലോസരപ്പെടുത്തില്ല.

ബാര്‍ബഡോസ്: ലോകകപ്പ് ജയത്തോടെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് അഭിമാനത്തോടെ പടിയിറങ്ങാം. ദ്രാവിഡിന്‍റെ കരിയറിലെ ആദ്യത്തെ ലോകകിരീടം കൂടിയാണ് ഇത്. ആനന്ദത്തിന്‍റെ പരകോടിയിൽ ലോക കിരീടം എടുത്തുയര്‍ത്തി അലറിവളിച്ച് സ്വയം മറന്നിങ്ങനെ നില്‍ക്കുന്ന ഒരു രാഹുൽ ദ്രാവിഡിനെ നമ്മൾ കണ്ടിട്ടില്ല. വികാരവിക്ഷോഭങ്ങൾക്ക് മുമ്പിൽ എന്നും കെട്ടിയടച്ചിരുന്ന ഒരു വൻമതിൽ ഇല്ലാതായ നിമിഷങ്ങളായിരുന്നു ഇന്നലെ ബാര്‍ബഡോസില്‍ കണ്ടത്. ഒടുവില്‍ ആശാനെ ആകാശത്തേക്ക് എടുത്തുയര്‍ത്തി വിരാട് കോലിയും രോഹിത് ശര്‍മയും.

Scroll to load tweet…

പതിറ്റാണ്ടുകളായി മനസിൽ വൃണപ്പെട്ട് കിടന്ന ഒരു മുറിവ് സൗഖ്യപ്പെട്ട നിമിഷം കൂടിയായിരുന്നു ദ്രാവിഡിന് ഇത്. 2007ൽ പോർട്ട് ഓഫ് സ്പെയിനിൽ കണ്ട പേക്കിനാവ് ഇനി അയാളുടെ നിദ്രകളെ അലോസരപ്പെടുത്തില്ല. അന്ന് ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ തകർന്നടിഞ്ഞ നീലപ്പടയുടെ നായകൻ ഇന്ന് ലോകചാമ്പ്യൻമാരുടെ കപ്പിത്താനാണ്.

Scroll to load tweet…

16 വർഷം നീണ്ട കരിയറിലും രണ്ടര വർഷം നീണ്ട പരിശീലക പദവിയിലും ദ്രാവിഡിനെ തേടിയെത്തിയ ആദ്യ ലോകകിരീടം. 2023ൽ ലോകകപ്പിലും ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിലും ഇന്ത്യ ഫൈനൽ വരെയെത്തി. കിരീടങ്ങൾ ഇല്ലായിരുന്നെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ സുവർണകാലം കൂടിയാണ് ദ്രാവിഡ് എന്ന പരിശീലകന്‍റേത്. 56 ഏകദിനങ്ങളിൽ 41ലും ജയം. 69 ടി 20യിൽ 48 ജയം. അഞ്ച് ടെസ്റ്റ് പരമ്പരകൾ നേടി, രണ്ടെണ്ണം സമനില, കൈവിട്ടത് ഒരെണ്ണം മാത്രം.

Scroll to load tweet…

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും ടീം ഒന്നാമന്‍മാരായി. അണ്ടർ 19 ടീം ലോക ചാമ്പ്യൻമാരായി. ഇന്ത്യൻ ക്രിക്കറ്റിന് വാഗ്ദത്തമായ ഒരു യുവനിരയെ സമ്മാനിച്ച് ഒടുവില്‍ കിരീടം വച്ച രാജാവായി തന്നെ അയാൾ പടിയിറങ്ങുന്നു. വരാനിരിക്കുന്ന എത്രയോ നേട്ടങ്ങളിൽ തന്‍റെ കയ്യൊപ്പ് പതിപ്പിച്ച്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക