ബംഗളൂരു: ഇതിലും വലിയ ഒരു പിറന്നാള്‍ സമ്മാനം മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന് ഇനി കിട്ടാനില്ല. ദ്രാവിഡിന്റെ 47ാം പിറന്നാള്‍ ദിനത്തില്‍ മകന്‍ സമിത് ദ്രാവിഡ് കൊണ്ടുവന്നത് അച്ഛന് എന്നെന്നും ഓര്‍ക്കാനുള്ള ഒരു സമ്മാനം. സമിത് കര്‍ണാടകയുടെ അണ്ടര്‍ 14 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നുള്ളതാണ് ആ വാര്‍ത്ത. സൗത്ത് സോണ്‍ ടൂര്‍ണമെന്റിനുള്ള ടീമിലേക്കാണ് സമിത് തിരഞ്ഞെടുക്കപ്പെട്ടത്. ദ്വിദിന മത്സരങ്ങളാണ് നടക്കുക. ജനുവരി 16 മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് മത്സരം.

സ്‌കൂള്‍തല ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സമിത്തിന്റെ സെലക്ഷനിലേക്ക് നയിച്ചത്. ഒരു മത്സരത്തില്‍ കുട്ടിതാരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. ആ മത്സരത്തിന്റെ തന്നെ രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സും സ്വന്തമാക്കി. മുന്‍ രഞ്ജി താരമായ സി രഘുവും രാജ്‌ശേഖര്‍ ഷന്‍ബാലുമാണ് കര്‍ണാടകയെ പരിശീലിപ്പിക്കുന്നത്.

വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ സമിത് മല്ലയ്യ അതിഥി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ തലവനാണ്.