ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച ശേഷമാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്.

ബെംഗളൂരു: ഐപിഎല്ലിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ വരും സീസണുകളില്‍ പരിശീലിപ്പിക്കുന്നത് ദ്രാവിഡ് ആയിരിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുമാര്‍ സംഗക്കാര ടീം വിടും. സംഗക്കാര ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കും. വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ദ്രാവിഡും രാജസ്ഥാന്‍ ക്യാപ്റ്റനും മലയാളിയുമായി സഞ്ജു സാംസണും ഒരിക്കല്‍ കൂടി ഒരുമിക്കുന്നത് കാണാന്‍ സാധിക്കും.

ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച ശേഷമാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഇപ്പോള്‍ രോഹിത്തിനെ കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡ്. ''രോഹിത് ശര്‍മയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അംഗീകാരമായി കരുതുന്നു. ഗംഭീര ക്യാപ്റ്റനാണ് രോഹിത്. ആരാധകരെ ടീമിലേക്ക് ആകര്‍ഷിപ്പിക്കാന്‍ രോഹിത്തിന് സാധിച്ചു.'' ദ്രാവിഡ് പറഞ്ഞു.

സ്ഥിരീകരണം വന്നു, ഗ്രഹാം തോര്‍പ്പിന്റെ മരണം ആത്മഹത്യ! വിഷാദ രോഗത്തെ തുടര്‍ന്ന് ട്രെയ്‌നിന് മുന്നില്‍ ചാടി

ദ്രാവിഡ് രാജസ്ഥാനിലേക്ക് പോകുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലെ താരമായത്. 

2015 മുതല്‍ ബിസിസിഐ ചുമതലകളിലേക്ക് മാറിയ ദ്രാവിഡ് അണ്ടര്‍ 19 പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് 2021ല്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കീരീടം നേടിയതിനൊപ്പം ഏകദിന ലോകകപ്പിന്റെ ഫൈനലിലും രണ്ട് തവണ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും കളിച്ചു.