തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിലേക്കാണ് ദ്രാവിഡ് മടങ്ങുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ജയ്പൂര്‍: ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. വരും സീസണുകളില്‍ തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡ് ആയിരിക്കും. കുമാര്‍ സംഗക്കാര ടീം വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഗക്കാര ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കും. വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ദ്രാവിഡും രാജസ്ഥാന്‍ ക്യാപ്റ്റനും മലയാളിയുമായി സഞ്ജു സാംസണും ഒരിക്കല്‍ കൂടി ഒരുമിക്കുന്നത് കാണാന്‍ സാധിക്കും. നേരത്തെ, നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിന്റെ പകരക്കാരനായി ദ്രാവിഡിനെ മെന്ററായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിലേക്കാണ് ദ്രാവിഡ് മടങ്ങുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെ താരമായത്.

ശ്രീജേഷ് പാരീസില്‍ തന്നെ! വെങ്കലവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന് വന്‍ വരവേല്‍പ്പ് - വീഡിയോ

2015 മുതല്‍ ബിസിസിഐ ചുമതലകളിലേക്ക് മാറിയ ദ്രാവിഡ് അണ്ടര്‍ 19 പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് 2021ല്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കീരീടം നേടിയതിനൊപ്പം ഏകദിന ലോകകപ്പിന്റെ ഫൈനലിലും രണ്ട് തവണ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും കളിച്ചു.

കുമാര്‍ സംഗക്കാരയാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഡയറക്ടറുടെ ചുമതലയും പരിശീലകന്റെ ചുമതലയും വഹിക്കുന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ദ്രാവിഡിന്റെ തിരിച്ചുവരവ് കരിയറില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. സഞ്ജുവിന് കീഴില്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ കളിച്ച രാജസ്ഥാന്‍ ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലുമെത്തിയിരുന്നു.