ബംഗളൂരു: കഴിഞ്ഞ ദിവസാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി തന്റെ 31ാം പിറന്നാള്‍ ആഘോഷിച്ചത്. ബോളിവുഡ് താരവും ഭാര്യയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം ഭൂട്ടാനിലായിരുന്നു കോലിയുടെ പിറന്നാള്‍. അനുഷ്‌കയ്‌ക്കൊപ്പം ചിരിച്ച് ശാന്തനായിരിക്കുന്ന കോലിയുടെ ഫോട്ടോ വൈറലായിരുന്നു. എന്നാല്‍ ഫോട്ടോയില്‍ കാണുന്നപോലെ ക്രിക്കറ്റ് ഫീല്‍ഡില്‍ അത്ര ശാന്തനല്ല കോലി. ആക്രമണോത്സുകതയാണ് കോലിയുടെ ആയുധം. 

ഇപ്പോള്‍ കോലിയുടെ ആക്രമണോത്സുകതയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. അദ്ദേഹം പറയുന്നതിങ്ങനെ... ''ആക്രമണോത്സുകതയാണ് കോലിയെ ഇത്ര വിജകരമായി മുന്നോട്ട് നയിക്കുന്നത്. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. അദ്ദേഹം മത്സരത്തിനിടെ കാണിക്കുന്ന ഈ സ്വഭാവം മറ്റുതാരങ്ങളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. 

കോലിയേയും അജിന്‍ക്യ രഹാനെയുടെയും വ്യക്തിത്വം രണ്ടാണ്. എന്നാല്‍ കോലിയെ അനുകരിക്കാന്‍ ശ്രമിക്കുന്ന യുവതാരങ്ങള്‍ ഇത് ഗുണം ചെയ്യില്ല. അവര്‍ അനുകരിക്കാന്‍ ശ്രമിക്കുക കോലിയുടെ സ്വഭാവമാണ്. വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാര്‍ ഗ്രൗണ്ടില്‍ കാണിക്കേണ്ടത് അവരുടെ വ്യക്തിത്വമാണ്.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.