ഇന്ത്യയുടെ ഇതിഹാസ താരങ്ങളിൽ  ഒരാളായ രാഹുല്‍ ദ്രാവിഡിന്റെ ജന്മദിനമാണിന്ന്. ഇന്ത്യന്‍ ക്രിക്കറ്റിലെ 'വന്മതിൽ' എന്നും 'മിസ്റ്റര്‍ ഡിപെന്‍ഡബിള്‍' എന്നുമൊക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. 1973ല്‍ ഇന്‍ഡോറില്‍ ഒരു മറാത്തി കുടുംബത്തിലായിരുന്നു രാഹുലിന്റെ ജനനം. പന്ത്രണ്ടാം വയസ്സു മുതല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ അദ്ദേഹം, പിന്നീട് അണ്ടര്‍ 15, 17, 19  ലെവലുകളില്‍ കര്‍ണാടകത്തിനു വേണ്ടി കളിച്ചു. 1991ല്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് രാഹുൽ രഞ്ജിയില്‍ കര്‍ണാടകത്തിനെ പ്രതിനിധീകരിക്കുന്നത്. ആദ്യമത്സരത്തില്‍ തന്നെ അര്‍ദ്ധസെഞ്ച്വറിയും അടുത്ത നാലുമത്സരങ്ങളില്‍ സെഞ്ച്വറി നേടി അദ്ദേഹം ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദ്രാവിഡ് 1993-94ലെ ഇംഗ്ലണ്ട് എ ടീമിന്റെ ഇന്ത്യാ പര്യടനത്തോടെയാണ് സെലക്റ്റര്‍മാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഡൊമസ്റ്റിക് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന രാഹുലിനെ 1996  ലോകകപ്പിലേക്ക് തിരഞ്ഞെടുക്കാഞ്ഞതില്‍ അന്ന് പ്രാദേശിക മാധ്യമങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. 

1996ല്‍ സിംഗപ്പൂരില്‍ വെച്ച് നടന്ന സിംഗര്‍ കപ്പില്‍ വിനോദ് കാംബ്ലിക്ക് പകരക്കാരനായാണ് രാഹുല്‍ ദ്രാവിഡ് ആദ്യമായി നീലക്കുപ്പായമണിയുന്നത്. ആദ്യമത്സരത്തില്‍ രണ്ടു മികച്ച ക്യാച്ചുകള്‍ എടുത്തെങ്കിലും ബാറ്റിംഗില്‍ വെറും മൂന്നു റണ്‍സെടുത്തപ്പോഴേക്കും മുത്തയ്യാ മുരളീധരന് വിക്കറ്റ് സമ്മാനിച്ച് നിരാശനായി മടങ്ങേണ്ടി വന്നു. പാക്കിസ്ഥാനെതിരായ അടുത്ത മത്സരത്തിലും രണ്ടക്കം കടക്കാന്‍ അദ്ദേഹത്തിനായില്ല. നാലു റണ്‍സെടുത്ത് പുറത്തായി. എന്നാലും, ഡൊമസ്റ്റിക് ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനവും കൗണ്ടി ക്രിക്കറ്റിലെ മികച്ച ഫോമും കണക്കിലെടുത്ത് അദ്ദേഹത്തിനെ അക്കൊല്ലം തന്നെ ടെസ്റ്റ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തു. 

ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ സഞ്ജയ് മഞ്ജരേക്കറിന് പരിക്കേറ്റതോടെ ഏഴാമതായി ബാറ്റിങിനിറങ്ങാന്‍  അപ്രതീക്ഷിതമായി രാഹുലിന് അവസരം ലഭിച്ചു. അന്ന് കൂടെ  ആദ്യടെസ്റ്റ് കളിക്കാനിറങ്ങിയ സൗരവ് ഗാംഗുലിയുമൊത്തും തുടര്‍ന്ന് വാലറ്റക്കാര്‍ക്കൊപ്പവും ആറുമണിക്കൂറോളം ക്രീസില്‍ പിടിച്ചുനിന്ന രാഹുല്‍ കന്നി മത്സരത്തില്‍ സെഞ്ച്വറി എന്ന അപൂര്‍വ്വനേട്ടത്തിന് വെറും അഞ്ചു റണ്‍സ് ബാക്കി നില്‍ക്കെ ക്രിസ് ലൂയിസിന്റെ പന്തില്‍ എഡ്ജെടുത്ത് വിക്കറ്റിനു പിന്നില്‍ ക്യാച്ചു സമ്മാനിച്ചു. സെഞ്ച്വറിക്ക് വെറും അഞ്ചു റണ്‍സ് അരികിലായിരുന്നിട്ടും അമ്പയര്‍ വിരലുയര്‍ത്തും മുമ്പേ തന്നെ പവലിയനിലേക്ക് നടന്നുതുടങ്ങി രാഹുല്‍. പിന്നീട് അന്നത്തെ ആ ധൃതിപ്പെട്ടുള്ള നടത്തത്തെപ്പറ്റി ചോദിച്ചപ്പോള്‍ രാഹുല്‍ ഇങ്ങനെ പറഞ്ഞു, 'ഗ്രൗണ്ടില്‍ നിന്നവരെല്ലാം ആ 'നിക്ക്' കേട്ടിട്ടുണ്ടാവും... പിന്നെ എന്തിനാണ് കാത്തുനില്‍ക്കുന്നത്..? " രണ്ടു ടെസ്റ്റ് മാച്ചുകളില്‍ 62.33 എന്ന ശരാശരിയില്‍ ഗംഭീരമായ തുടക്കമായിരുന്നു ദ്രാവിഡിന്റേത്.  

തികഞ്ഞ അവധാനതയോടുള്ള കേളീശൈലി കാരണം ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു അദ്ദേഹത്തിന് ഉറപ്പായും അവസരങ്ങള്‍ കിട്ടിയിരുന്നത്. 164  ടെസ്റ്റുമത്സരങ്ങളില്‍ നിന്നുമായി അഞ്ച് ഇരട്ട സെഞ്ച്വറികളും മുപ്പത്താറു സെഞ്ച്വറികളും അറുപത്തിമൂന്ന് അര്‍ദ്ധസെഞ്ച്വറികളുമടക്കം 13288 റണ്‍സ് നേടിയിട്ടുണ്ട് രാഹുല്‍. 344  ഏകദിനങ്ങളില്‍ നിന്നും 12  സെഞ്ച്വറികളും 83  അര്‍ദ്ധസെഞ്ച്വറികളും അടക്കം 10889 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട് രാഹുല്‍.

അദ്ദേഹത്തിന്റെ പേരിലുള്ള ചില അപൂര്‍വ റെക്കോര്‍ഡുകള്‍ 

1. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ എടുത്തത്: 210  ക്യാച്ചുകളാണ് ടെസ്റ്റുമത്സരങ്ങളില്‍ ദ്രാവിഡിന്റെ സുരക്ഷിതമായ കൈകളില്‍ വന്നു കുടുങ്ങിയത്. 

2. ക്രീസില്‍ ഏറ്റവുമധികം സമയം ചെലവിട്ടത്: 735  മണിക്കൂര്‍ 52  മിനിട്ടു നേരമാണ് രാഹുല്‍ ദ്രാവിഡ് ക്രീസില്‍ ചിലവിട്ടത്. 

3. മൂന്നാമതായിറങ്ങി 10000 റണ്‍സ് തികച്ച ആദ്യത്തെ കളിക്കാരന്‍ രാഹുല്‍ ദ്രാവിഡാണ്. 

4. തുടര്‍ച്ചയായ നാലിന്നിങ്സുകളില്‍ സെഞ്ച്വറി അടിച്ചിട്ടുള്ള  (2002ല്‍ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാം, ലീഡ്‌സ്, ഓവല്‍ എന്നിവിടങ്ങളിലും വെസ്റ്റിന്ഡീസിനെതിരെ മുംബൈയില്‍ വെച്ചും) ഏക ഇന്ത്യന്‍ താരവും ദ്രാവിഡാണ്.

5. എല്ലാ ടെസ്റ്റ് പ്ലെയിങ്ങ് രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി അടിച്ച ആദ്യ താരവും മറ്റാരുമല്ല. 

പൊതുവെ രാഹുല്‍ ദ്രാവിഡ് എന്ന് കേള്‍ക്കുമ്പോള്‍ മെല്ലെപ്പോക്ക് എന്നാവും ആളുകള്‍ ഓര്‍ക്കുന്നതെങ്കിലും അതിനു വിരുദ്ധമായിട്ടുള്ള ചില ഇന്നിങ്സുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2003ല്‍ ന്യൂസിലന്‍ഡിനെതിരെ ഹൈദരാബാദില്‍ വെറും 22 പന്തില്‍ നിന്നും നേടിയ അര്‍ധശതകം ഉദാഹരണമാണ്. 

കളിക്കളത്തിലെ പ്രകടനത്തിന് പുറമെ പല സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലും പങ്കാളിയാണ് രാഹുല്‍. സര്‍ക്കാരിന്റെ പുകവലി വിരുദ്ധ കാമ്പയിന്‍, യൂണിസെഫിന്റെ എയിഡ്‌സ് ബോധവല്‍ക്കരണ യജ്ഞം, കുട്ടികള്‍ക്കായുള്ള പൗരബോധനിര്‍മ്മിതി യജ്ഞം തുടങ്ങിയവയുടെയെല്ലാം ബ്രാന്‍ഡ് അംബാസിഡറാണ് രാഹുല്‍. 

ഇന്ന് രാഹുല്‍ ദ്രാവിഡിന് ജന്മദിനം ആശംസിച്ചുകൊണ്ട് വീരേന്ദര്‍ സെവാഗ് കുറിച്ചത് അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ ഒരു വിവരണമാവും. 

'ചുവരുകള്‍ക്ക് കാതുകളുണ്ടന്നാണ് പഴമൊഴി. ഈ ചുവരിന് കാതുകള്‍ മാത്രമല്ല, തെളിഞ്ഞൊരു മനസ്സും, ഹൃദയവുമുണ്ട്...'