കൊല്‍ക്കത്തയിലെ രണ്ടാം ഏകദിനത്തിന് മുമ്പുതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ രാഹുല്‍ ദ്രാവിഡിനെ അലട്ടിയിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനായി രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യക്കൊപ്പം യാത്ര ചെയ്യില്ല. സ്‌ക്വാഡിനൊപ്പം തിരുവനന്തപുരത്തേക്ക് വരുന്നതിന് പകരം ആരോഗ്യകാരണങ്ങളാല്‍ ബെംഗളൂരുവിലെ വീട്ടിലേക്ക് ദ്രാവിഡ് പോയി ഇന്‍സൈഡ് സ്പോര്‍ട്‌സിന്‍റെ റിപ്പോര്‍ട്ട്. ഇന്ന് ദ്രാവിഡ് ചില ആരോഗ്യപരിശോധനങ്ങള്‍ക്ക് വിധേയനാകും എന്നാണ് റിപ്പോര്‍ട്ട്. 15-ാം തിയതിയാണ് തിരുവനന്തപുരം ഏകദിനം എന്നതിനാല്‍ ആരോഗ്യം ശരിയായാല്‍ ദ്രാവിഡ് ടീമിനൊപ്പം ചേരാനിടയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല എന്നും ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്‍ക്കത്തയിലെ രണ്ടാം ഏകദിനത്തിന് മുമ്പുതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ രാഹുല്‍ ദ്രാവിഡിനെ അലട്ടിയിരുന്നു എന്നാണ് സൂചന. ദ്രാവിഡിന്‍റെ രക്തസമ്മര്‍ദം താഴ്‌ന്നെന്നും എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷം പരിശീലകന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് വരികയായിരുന്നു.
കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വൈകിട്ട് നാല് മണിക്ക് ഇരു ടീമും എത്തുക. ഇന്ന് ടീമുകള്‍ക്ക് പരിശീലനമില്ല. നാളെ ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണിവരെ ലങ്കയും അഞ്ച് മണി മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനത്തിന് ഇറങ്ങും. മത്സരത്തിനായി ബാറ്റിംഗ് ട്രാക്കാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. നാല്‍പതിനായിരം പേര്‍ക്കിരുന്ന് കളി കാണാനുള്ള സൗകര്യം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ ഗുവാഹത്തിയിലെ ആദ്യ ഏകദിന 67 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു.
