ഓക്‌ലന്‍ഡ്: ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. രാഹുലിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം അടുത്തകാലത്ത് ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ താരം അര്‍ധ സെഞ്ചുറി നേടി. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ പുറത്താവാതെ 57 റണ്‍സാണ് താരം നേടിയത്. ഈ പ്രകടനം മാന്‍ ഓഫ് ദ മാച്ചിനും അര്‍ഹനാക്കി. 

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. രാഹുല്‍ തുടര്‍ന്നു... ''എന്റെ ബാറ്റിങ്ങിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സാഹചര്യം എന്താണെന്ന വ്യക്തതമായ ബോധത്തോടെയാണ് കളിക്കുന്നത്. സ്ഥിരയാര്‍ന്ന പ്രകടനത്തിന് പിന്നിലെ രഹസ്യം  ഇതുതന്നെയാണ്. ആദ്യ മത്സരത്തിലേത് പോലെ ആയിരുന്നില്ല. പിച്ച് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് ആദ്യ മത്സരത്തില്‍ കളിച്ചത് പോലെ ഇത് കളിക്കാന്‍ പറ്റില്ലെന്ന ബോധ്യമുണ്ടായിരുന്നു. മറ്റൊരു ഉത്തരവാദിത്തമായിരുന്നു ഇന്ന്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും മടങ്ങിയ സ്ഥിതിക്ക് ശ്രദ്ധയോടെ കളിക്കേണ്ട ചുമതല എനിക്കായിരുന്നു.'' രാഹുല്‍ പറഞ്ഞുനിര്‍ത്തി.

ബാറ്റിങ്ങില്‍ ടെക്‌നിക്കില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാമാണ് അടുത്തകാലത്ത് മികച്ച പുറത്തെടുക്കാന്‍ സഹായിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.