ഗുജറാത്ത് ഇന്നിംഗ്‌സിന്‍റെ പത്തൊൻപതാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. വാഷിംഗ്ടൺ സുന്ദർ പുറത്തായതിന് പിന്നാലെയാണ് തെവാത്തിയ ക്രീസിലെത്തിയത്.

ചണ്ഡീഗഢ്: ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങൾ. ഗുജറാത്ത് ഓൾറൗണ്ടർ രാഹുൽ തെവാത്തിയ നിയമവിരുദ്ധമായ ബാറ്റുമായി ക്രീസിലെത്തിയതാണ് വിവാദത്തിന് കാരണമായത്. സംശയം തോന്നി തെവാത്തിയയുടെ ബാറ്റ് പരിശോധിച്ച ഓൺ-ഫീൽഡ് അമ്പയർമാർ ഉടൻ തന്നെ ഇടപെടുകയും തെവാത്തിയയോട് ബാറ്റ് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.

ഗുജറാത്ത് ഇന്നിംഗ്‌സിന്‍റെ പത്തൊൻപതാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. വാഷിംഗ്ടൺ സുന്ദർ പുറത്തായതിന് പിന്നാലെയാണ് തെവാത്തിയ ക്രീസിലെത്തിയത്. താരം ബാറ്റിംഗ് ഗാർഡ് എടുക്കുന്നതിന് മുൻപ് തന്നെ അമ്പയർമാർ തടയുകയും ബാറ്റിന്‍റെ അളവുകള്‍ പരിശോധിക്കുന്ന 'ബാറ്റ് ഗേജ്' കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. പരിശോധനയിൽ തെവാത്തിയയുടെ ബാറ്റിന്റെ വശങ്ങള്‍(എഡ്ജസ്) അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തി. ഇതോടെ അമ്പയർമാരുടെ കർശന നിർദേശത്തെത്തുടർന്ന് തെവാത്തിയക്ക് ബാറ്റ് മാറ്റേണ്ടിവന്നു.

മെരിലബോൺ ക്രിക്കറ്റ് ക്ലബ്ബിന്‍റെ (എംസിസി) നിയമപ്രകാരം ക്രിക്കറ്റ് ബാറ്റുകളുടെ നീളവും വീതിയും നിര്‍വചിച്ചിട്ടുണ്ട്. വീതി പരമാവധി 10.8 സെന്‍റി മീറ്ററും കനം 6.7 സെന്‍റിമീറ്ററും വശങ്ങള്‍ പരമാവധി 4 സെന്‍റി മീറ്ററുമായിരിക്കണം. 2025 ഏപ്രിൽ മുതലാണ് ഐപിഎല്ലിൽ ബാറ്റ് ഗേജ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ബാറ്റുകളുടെ വലിപ്പം കൂട്ടി ബാറ്റ‍മാര്‍ അധിക ആനുകൂല്യം നേടുന്നത് തടയാനാണ് ബിസിസിഐയുടെ ഈ നീക്കം. സാധാരണഗതിയില്‍ ബാറ്റര്‍ ക്രീസിലേക്ക് ഇറങ്ങുന്നതിന് മുമ്പോ സശയം തോന്നുന്നപക്ഷം അമ്പയര്‍ക്ക് മത്സരത്തിനിടയിലോ ബാറ്റ് ഗേജ് വെച്ച് ബാറ്റ് പരിശോധിക്കാവുന്നതാണ്. രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ ഇത്തരത്തില്‍ ബാറ്റ് ഗേജ് പരിശോധനകള്‍ നടത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

View post on Instagram

മത്സരത്തിൽ 10 പന്തിൽ 11 റൺസുമായി തെവാത്തിയ പുറത്താകാതെ നിന്നു. വമ്പൻ അടികൾക്ക് പേരുകേട്ട തെവാത്തിയ ക്രീസലിലുണ്ടായിട്ടും അവസാന അഞ്ചോവറില്‍ 34 റണ്‍സ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിൽ പ്രസിദ്ധ് കൃഷ്ണയുടെ തകർപ്പൻ ബൗളിംഗിൽ പഞ്ചാബ് പതറിയെങ്കിലും 5 പന്തുകളും മൂന്ന് വിക്കറ്റും ബാക്കി നിൽക്കെ പഞ്ചാബ് ലക്ഷ്യം കണ്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക