റോയൽ ചലഞ്ചേഴ്‌സ് ബെം​ഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. 

മുംബൈ: ബെം​ഗളൂരുവിന് പിന്നാലെ മുംബൈയിലും മഴ ഭീഷണി. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന നിർണായക ഐപിഎൽ മത്സരത്തെ മഴ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മെയ് 25 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. 

റോയൽ ചലഞ്ചേഴ്‌സ് ബെം​ഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടിക്കഴിഞ്ഞതിനാൽ ഇനി ഒരു ടീമിന് മാത്രമേ സ്ഥാനം ബാക്കിയുള്ളൂ. ഈ ഒരു സ്ഥാനത്തിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് പോരാട്ടം. നാളെ വാങ്കഡെയിലാണ് നിർണായകമായ ഈ മത്സരം നടക്കേണ്ടത്. എന്നാൽ, മഴ കളി മുടക്കാനുള്ള സാധ്യതയുള്ളതിനാൽ ഇരുടീമുകളുടെയും ആരാധകരും ആശങ്കയിലാണ്. നിലവിൽ 7 വിജയങ്ങളും 5 തോൽവികളുമുള്ള മുംബൈ 14 പോയിന്റുകളുമായി നാലാം സ്ഥാനത്താണ്. മറുവശത്ത്, 6 വിജയങ്ങളും 5 തോൽവികളും സഹിതം 13 പോയിന്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്തുണ്ട്. മുംബൈയ്ക്ക് എതിരെയുള്ള മത്സരം ഡൽഹിയെ സംബന്ധിച്ച് നോക്കൗട്ട് മത്സരമാണ്. തോറ്റാൽ മുംബൈ പ്ലേ ഓഫിലേക്ക് യോഗ്യത നേടുമെന്നതാണ് സ്ഥിതി. 

അതേസമയം, ഡൽഹി ജയിച്ചാൽ അവർക്ക് 15 പോയിന്റ് ലഭിക്കും. അവസാന ലീഗ് മത്സരത്തിൽ കൂടി വിജയിക്കാനായാൽ 17 പോയിന്റുകളുമായി ഡൽ​ഹി പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കും. അതായത് മുംബൈയ്ക്ക് ഒരു പോയിന്റ് പോലും നേടാൻ കഴിയാതെ വരും. എന്നാൽ, ഡൽഹി മുംബൈയെ തോൽപ്പിക്കുകയും അവസാന മത്സരത്തിൽ ഡൽഹി തോൽക്കുകയും ചെയ്താൽ അവർക്ക് 15 പോയിന്റ് മാത്രമേ ലഭിക്കൂ. അപ്പോൾ ഡൽഹിയുടെ ഭാവി മുംബൈയുടെ അവസാന മത്സരത്തെ ആശ്രയിച്ചിരിക്കും. മുംബൈ അവസാന മത്സരത്തിൽ വിജയിച്ചാൽ അവർക്ക് 16 പോയിന്റുമായി പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടാം.

മഴ മൂലം മുംബൈ - ഡൽഹി തമ്മിലുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് വീതം ലഭിക്കും. ഇത് മുംബൈയുടെ പോയിന്റ് 15 ആക്കി ഉയർത്തും. ഡൽഹിയ്ക്ക് 14 പോയിന്റാകും. അവസാന മത്സരം മുംബൈ ജയിച്ചാൽ അവർക്ക് 17 പോയിന്റുമായി പ്ലേ ഓഫിലെത്താം. അവസാന മത്സരം ജയിച്ചാൽ ഡൽഹിയ്ക്ക് 16 പോയിന്റിലെത്താൻ മാത്രമേ കഴിയൂ. ഇരു ടീമുകളും അവരുടെ അവസാന മത്സരം തോറ്റാൽ ഡൽഹിയേക്കാൾ ഒരു പോയിന്റ് മുന്നിലായതിനാൽ മുംബൈ പ്ലേ ഓഫ് യോഗ്യത നേടും.