ആവേശകരമായ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജപ്പാനിലെ നിഷിനിൽ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വപ്ന ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നാളെ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സെമി ഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ വെറും 45 റൺസിന് ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു.
എന്നാൽ, ആവേശകരമായ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജപ്പാനിലെ നിഷിനിൽ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ശനിയാഴ്ച രാവിലെ ഇവിടെ 62 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയോടെ മഴ സാധ്യത 25 ശതമാനമായി കുറയുമെങ്കിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും നിലനിൽക്കുക.
മഴ കാരണം മത്സരം ഉപേക്ഷിച്ചാൽ സ്വർണം ആർക്ക് ലഭിക്കും?
2023-ൽ ചൈനയിലെ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസ് ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ, ഐസിസി ടി20 റാങ്കിംഗിൽ മുന്നിലുണ്ടായിരുന്ന ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ച് സ്വർണം നൽകുകയായിരുന്നു. എന്നാൽ ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് നിയമങ്ങളിൽ മാറ്റമുണ്ട്. പുതിയ നിബന്ധനകൾ അനുസരിച്ച് ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യയും പാകിസ്ഥാനും സ്വർണ്ണ മെഡൽ പങ്കിടും. റാങ്കിംഗ് അടിസ്ഥാനമാക്കി ഒറ്റ ടീമിന് മാത്രം മെഡൽ നൽകുന്ന രീതി ഇത്തവണ ഉണ്ടാകില്ല.
ഹാങ്‌ഷൂ ഏഷ്യൻ ഗെയിംസിന് ശേഷം പുരുഷ ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ഏഷ്യൻ ഗെയിംസ് വേദിയിൽ മുഖാമുഖം വന്നിട്ടില്ല. മറ്റൊരു സെമിയിൽ ബംഗ്ലാദേശിനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിൽ കടന്നത്. പ്രമുഖതാരങ്ങളില്ലാതെ ഇറങ്ങുന്ന പാകിസ്ഥാന്‍ ടീമിനെ ഷാഹിബ്സാദ ഫര്‍ഹാനാണ് നയിക്കുന്നത്.
