Asianet News MalayalamAsianet News Malayalam

ജോസ് ദ ബോസ്! നരെയ്‌ന്‍റെ സെഞ്ചുറിക്ക് ബട്‌ലറുടെ ഗംഭീര തിരിച്ചടി; കൊല്‍ക്കത്തയും മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്

അത്ര നല്ലതായിരുന്നില്ല രാജസ്ഥാന്റെ തുടക്കം. പവര്‍  പ്ലേ തീരുന്നതിന് മുമ്പ് തന്നെ യശസ്വി ജയ്‌സ്വാള്‍ (19), സഞ്ജു സാംസണ്‍ (12) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായിരുന്നു. പിന്നീട് ബട്‌ലര്‍ - റിയാന്‍ പരാഗ് (34) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു.

rajasthan royal won over kolkata knight riders in thriller by two wickets
Author
First Published Apr 16, 2024, 11:58 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ത്രില്ലര്‍ പോരില്‍ രണ്ട് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചു കയറിയത്. സെഞ്ചുറിയുമായി പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് (60 പന്തില്‍ 107) രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംംഗിനെത്തിയ സുനില്‍ നരെയന്റെ (109) സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ രാജസ്ഥാന്‍ ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറില്‍ നാല് ജയം സ്വന്തമാക്കിയ കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്.

അത്ര നല്ലതായിരുന്നില്ല രാജസ്ഥാന്റെ തുടക്കം. പവര്‍  പ്ലേ തീരുന്നതിന് മുമ്പ് തന്നെ യശസ്വി ജയ്‌സ്വാള്‍ (19), സഞ്ജു സാംസണ്‍ (12) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായിരുന്നു. പിന്നീട് ബട്‌ലര്‍ - റിയാന്‍ പരാഗ് (34) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ പരാഗ് മടങ്ങി. തുടര്‍ന്നെത്തിയ ധ്രുവ് ജുറല്‍ (2), ആര്‍ അശ്വിന്‍ (8), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ ആറിന് 121 എന്ന നിലയിലായി രാജസ്ഥാന്‍. എന്നാല്‍ റോവ്മാന്‍ പവലിന്റെ (13 പന്തില്‍ 26) ഇന്നിംഗ്‌സ് രാജസ്ഥാന് പ്രതീക്ഷ നല്‍കി. ബട്‌ലര്‍ക്കൊപ്പം 57 റണ്‍സ് ചേര്‍ത്താണ് പവല്‍ മടങ്ങിയത്. പിന്നാലെ ട്രന്റ് ബൗള്‍ട്ട് (0) പുറത്തായെങ്കിലും ആവേഷ് ഖാനെ (0) ഒരറ്റത്ത് നിര്‍ത്തി ബട്‌ലര്‍ രാജസ്ഥാന് വിജയം സമ്മാനിച്ചു. ആറ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്.

അവസാന രണ്ട് ഓവറില്‍ 28 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ ആദ്യ പന്തില്‍ തന്നെ ബട്‌ലര്‍ സിക്‌സ് നേടി. രണ്ടാം പന്തില്‍ റണ്‍സില്ല. അവസാന പന്ത് പന്തില്‍ ജയിക്കാന്‍ 22 റണ്‍സ്. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക്. നാലാം പന്തില്‍ വീണ്ടും സിക്‌സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് എട്ട് പന്തില്‍ 12 റണ്‍സ് മാത്രം. അഞ്ചാം പന്തില്‍ രണ്ട് റണ്‍. അവസാന പന്തില്‍ സിംഗിള്‍ നേടി ബട്‌ലര്‍ സ്‌ട്രൈക്ക് തുടര്‍ന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ് മാത്രം. പന്തെറിയാനെത്തിയത് വരുണ്‍ ചക്രവര്‍ത്തി. ആദ്യ പന്ത് തന്നെ ബ്ടലര്‍ സിക്‌സര്‍ പറത്തി. അടുത്ത മൂന്ന് പന്തിലും റണ്‍ ഓടിയെടുക്കാന്‍ ബട്‌ലര്‍ മുതിര്‍ന്നില്ല. അടുത്ത പന്തില്‍ രണ്ട് റണ്‍. ഇരു ടീമുകളും ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി ബട്‌ലര്‍ രാജസ്ഥാനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചു.

വിക്കറ്റ് വേട്ടക്കാരില്‍ നരെയ്‌നെ നോക്കേണ്ട! റണ്‍വേട്ടക്കാരില്‍ കോലിക്കും ഭീഷണിയായി താരം, സഞ്ജു കൂടെയുണ്ട്

നേരത്തെ, മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ഫില്‍ സാള്‍ട്ടിനെ (10) ആവേഷ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അംഗ്കൃഷ് രഘുവംശി (30) - നരെയ്ന്‍ സഖ്യം 85 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. രഘുവംശിയെ കുല്‍ദീപ് സെന്‍ മടക്കി. ശ്രേയസ് അയ്യര്‍ (11), ആന്ദ്രേ റസ്സല്‍ (13), വെങ്കിടേഷ് അയ്യര്‍ (8) പെട്ടന്ന് മടങ്ങിയെങ്കിലും നരെയ്ന്‍ ഒരറ്റത്ത് ഉറച്ച് നിന്നു. 18-ാം ഓവറിലാണ് നരെയ്ന്‍ മടങ്ങുന്നത്. ആറ് സിക്‌സും 13 ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. റിങ്കു സിംഗ് (9 പന്തില്‍ 20)  വിനൊപ്പം രമണ്‍ദീപ് സിംഗ് (1) പുറത്താവാതെ നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios