മത്സരശേഷം സഞ്ജു ഏറെ സന്തോഷവാനായിരുന്നു. അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു. രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ച റിയാന്‍ പരാഗിനെ കുറിച്ചും സഞ്ജു സംസാരിച്ചു.

ജയ്പൂര്‍: ഐപിഎല്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നേതൃപാടവം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. താരതമ്യേന എത്തിപ്പിക്കുന്ന സ്‌കോറായിരുന്നിട്ടും ഡല്‍ഹിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഞ്ജുവിനായി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ശാന്തനായി സഞ്ജു സമ്മര്‍ദ്ദ സാഹചര്യങ്ങളെ മറികടന്നു. മാത്രമല്ല, ബൗളിംഗ് മാറ്റങ്ങളും ഫീല്‍ഡമാരെ നിര്‍ത്തിയ പൊസിഷനുമെല്ലാം പക്കാ. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്ത രീതിയാണ് പലരും എടുത്തു പറയുന്നത്. യൂസ്‌വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ എന്നിവരെ കൃത്യ സമയത്ത് തന്നെ സഞ്ജു ഉപയോഗിച്ചു. 

മത്സരശേഷം സഞ്ജു ഏറെ സന്തോഷവാനായിരുന്നു. അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു. രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ച റിയാന്‍ പരാഗിനെ കുറിച്ചും സഞ്ജു സംസാരിച്ചു. സഞ്ജു മത്സരശേഷം വ്യക്തമാക്കിയതിങ്ങനെ... ''ഞങ്ങള്‍ ആദ്യ 10 ഓവറില്‍ ഏറെ പിറകിലായിരുന്നു. തുടക്കം മോശമായതോടെ റോവ്മാന്‍ പവലിനോട് ബാറ്റ് ചെയ്യാന്‍ തയ്യാറായി നില്‍ക്കാന്‍ പറഞ്ഞു. ഗെയിം മാറികൊണ്ടിരിക്കുകയാണ്. എല്ലാ താരങ്ങളും വഴക്കമുള്ളവരായിരിക്കണം. നേരത്തെ 11 കളിക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 15 പേരാണ്.'' സഞ്ജു വ്യക്തമാക്കി. 

പരാഗിനെ കുറിച്ച് സഞ്ജു പറഞ്ഞതിങ്ങനെ.. ''ബാറ്റര്‍മാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത രീതി ഗംഭീരമായിരുന്നു. തീര്‍ച്ചയായും റിയാന്‍ പരാഗ് നന്നായി ചെയ്തു. 13-17 ഓവറിനിടെ ഞാനും സംഗക്കാരയും 4-5 തവണ സംസാരിച്ചു. എന്നാല്‍ പരാഗ് കാര്യങ്ങള്‍ എളുപ്പമാക്കി. കഴിഞ്ഞ 3-4 വര്‍ഷമായി റിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പേരാണ്. കേരളത്തില്‍ ഞാന്‍ പോകുന്നിടത്തെല്ലാം ആരാധകര്‍ പരാഗിനെ കുറിച്ച് ചോദിക്കാറുണ്ട്. അവന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.'' രാജസ്ഥാന്‍ ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി സമ്മതിച്ചേ പറ്റൂ! സഹതാരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ഹാര്‍ദിക് കണ്ട് പഠിക്കട്ടെ

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.