Asianet News MalayalamAsianet News Malayalam

ചത്താലും വിടില്ലെടാ! ഒന്നാം സ്ഥാനം ഭദ്രമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; അവസരം നഷ്ടമാക്കി കൊല്‍ക്കത്ത

തോറ്റെങ്കിലും കൊല്‍ക്കത്ത തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു.

Rajasthan royals continues at top of ipl point table
Author
First Published Apr 17, 2024, 8:15 AM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ രണ്ട് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം  അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത സുനില്‍ നരെയ്‌ന്റെ (56 പന്തില്‍ 109) സെഞ്ചുറി കരുത്തിലാണ് 223 അടിച്ചെടുത്തത്. നരെയ്‌നുള്ള രാജസ്ഥാന്റെ മറുപടി ജോസ് ബട്‌ലറിലൂടെയായിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി ബട്‌ലര്‍ പുറത്താവാതെ നിന്നപ്പോള്‍ രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കി. 

തോറ്റെങ്കിലും കൊല്‍ക്കത്ത തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു. യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കും എട്ട് പോയിന്റ് വീതമുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് പരിഗണിക്കുമ്പോള്‍ കൊല്‍ക്കത്ത ഇരു ടീമുകളേക്കാളും ഒരു പടി മുന്നിലാണ്. മൂന്ന് ടീമുകളും ആറ് വീതം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ലഖ്ൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇരു ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങളില്‍ തോല്‍വിയും ജയവും.

ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് വീതമുള്ള പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. ഏഴ് മത്സരങ്ങില്‍ ഒരു ജയം മാത്രമാള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അവസാന സ്ഥാനത്ത്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് - ഡല്‍ഹി കാപിറ്റല്‍സ് മത്സരം അവസാനിക്കുമ്പോള്‍ പോയിന്റെ പട്ടികയില്‍ മാറ്റം വരും.

എനിക്ക് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കൂ! ആര്‍സിബിയോട് താല്‍കാലികമായി വിട പറഞ്ഞ് ഗ്ലെന്‍ മാക്‌സ്‌വെല്‍

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അവസാന രണ്ട് ഓവറില്‍ 28 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ ആദ്യ പന്തില്‍ തന്നെ ബട്ലര്‍ സിക്സ് നേടി. രണ്ടാം പന്തില്‍ റണ്‍സില്ല. അവസാന പന്ത് പന്തില്‍ ജയിക്കാന്‍ 22 റണ്‍സ്. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക്. നാലാം പന്തില്‍ വീണ്ടും സിക്സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് എട്ട് പന്തില്‍ 12 റണ്‍സ് മാത്രം. അഞ്ചാം പന്തില്‍ രണ്ട് റണ്‍. അവസാന പന്തില്‍ സിംഗിള്‍ നേടി ബട്ലര്‍ സ്ട്രൈക്ക് തുടര്‍ന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ് മാത്രം. പന്തെറിയാനെത്തിയത് വരുണ്‍ ചക്രവര്‍ത്തി. ആദ്യ പന്ത് തന്നെ ബ്ടലര്‍ സിക്സര്‍ പറത്തി. അടുത്ത മൂന്ന് പന്തിലും റണ്‍ ഓടിയെടുക്കാന്‍ ബട്ലര്‍ മുതിര്‍ന്നില്ല. അടുത്ത പന്തില്‍ രണ്ട് റണ്‍. ഇരു ടീമുകളും ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി ബട്ലര്‍ രാജസ്ഥാനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചു.

Follow Us:
Download App:
  • android
  • ios