മാനസികവും ശാരീരികവുമായി അത്ര സുഖകരമായ സമയത്തിലൂടെയല്ല കടന്നുപോകുന്നതെന്ന് മാക്‌സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബംഗളൂരു: ഐപിഎല്ലില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് ഇടവേളയെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. സീസണിലുടനീളം മോശം ഫോമിലായിരുന്നു മാക്‌സ്‌വെല്‍. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ആര്‍സിബിയുടെ ഓസീസ് താരം തീരമാനമെടുത്തത്. ഒരു മത്സരത്തിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മാക്‌സ്‌വെല്ലിനെ കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്.

മാനസികവും ശാരീരികവുമായി അത്ര സുഖകരമായ സമയത്തിലൂടെയല്ല കടന്നുപോകുന്നതെന്ന് മാക്‌സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാക്‌സിയുടെ വാക്കുകള്‍... ''അവസാന മത്സരത്തിന് ശേഷം ഞാന്‍ ഫാഫ് ഡു പ്ലെസിസുമായി സംസാരിച്ചിരുന്നു. എനിക്ക് മറ്റാരെയെങ്കിലും പരീക്ഷിക്കാന്‍ സമയമായെന്ന് ഞാന്‍ ഫാഫിനോട് പറഞ്ഞു. എനിക്ക് അല്‍പ്പം മാനസികവും ശാരീരികവുമായ ഇടവേള ആവശ്യമാണ്. ഞാന്‍ ആദ്യമായിട്ടല്ല ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്.'' മാക്‌സ്‌വെല്‍ പറഞ്ഞു.

''എനിക്ക് എന്റേതായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് തോന്നുന്നു. പകരം മറ്റൊരാള്‍ വന്നാല്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരിക്കും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെയാണ് മറ്റൊരു താരത്തിന് അവസരം നല്‍കാന്‍ ഫാഫിനോട് ആവശ്യപ്പെട്ടത്. ടി20 ക്രിക്കറ്റ് ചിലപ്പോള്‍ അങ്ങനെയായിരിക്കാം. ഇത് വളരെ ചഞ്ചലമായ ഗെയിമാണ്.'' മാക്‌സ്‌വെല്‍ കൂട്ടിചേര്‍ത്തു.

കൊള്ളാം ഡികെ, നിങ്ങളെന്തായാലും ലോകകപ്പ് കളിക്കണം! കാര്‍ത്തികിനെ പ്രലോഭിപ്പിച്ച് രോഹിത് ശര്‍മ -വീഡിയോ

നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറും ഐപിഎല്ലിലെ മോശം പ്രകടനത്തെ മാക്സ്വെല്ലിനെ വിമര്‍ശിച്ചിരുന്നു. ഓസീസ് താരത്തിന് ഫാസ്റ്റ് ബൗളിംഗ് കളിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ''അവന്റെ നെഞ്ചിലേക്കോ തോളിന്റെ ഉയരത്തിലേക്കോ കുതിക്കുന്ന പന്തുകള്‍ മാക്‌സിയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അരക്കെട്ടിന്റെ ഉയരത്തിന് താഴെയുള്ള എല്ലാ പന്തുകളും അയാള്‍ക്ക് കളിക്കാന്‍ കഴിയുന്നു. പക്ഷേ അതിന് മുകളിലുള്ള അങ്ങനെയല്ല.'' സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.