നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഐപിഎൽ പ്ലേ ഓഫിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 205 റൺസ് നേടിയപ്പോൾ, ജോഫ്ര ആർച്ചറുടെ ഓൾറൗണ്ട് പ്രകടനത്തിന് മുന്നിൽ മുംബൈയുടെ മറുപടി 175 റൺസിൽ ഒതുങ്ങി.
മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫില്‍. നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 30 റണ്‍സ് വിജയം നേടിയതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടന്നത്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിതയത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറാണ് മുംബൈയെ തകര്‍ത്തത്. നേരത്തെ ബാറ്റിംഗിലും ആര്‍ച്ചര്‍ (15 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

14 മത്സരങ്ങളില്‍ 16 പോയിന്റുമായി നാലാമതായിട്ടാണ് രാജസ്ഥാന്‍ പ്ലേ ഓഫിന് യോഗ്യത നേടിയത്. രാജസ്ഥാന്റെ വരവോടെ പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ പുറത്തായി. ബുധനാഴ്ച്ച നടക്കുന്ന എലിമിനേറ്ററില്‍ രാജസ്ഥാന്‍, മൂന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചൊവ്വാഴ്ച്ച ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സുമായി കളിക്കും.
രാജസ്ഥാനെതിരെ മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 60) മാത്രമാണ് പൊരുതിയത്. വില്‍ ജാക്‌സ് (18 പന്തില്‍ 33), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 34) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റ്യാന്‍ റിക്കിള്‍ട്ടണ്‍ (12), ഷാര്‍ദുല്‍ താക്കൂര്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങി. നമന്‍ ധിര്‍ (6), തിലക് വര്‍മ (3), കോര്‍ബിന്‍ ബോഷ് (2), ദീപക് ചാഹര്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അല്ല ഗസര്‍ഫാര്‍ (2), ഷാര്‍ദുലിനൊപ്പം പുറത്താവാതെ നിന്നു.
നേരത്തെ, ധ്രുവ് ജുറലാണ് (26 പന്തില്‍ 38) രാജസ്ഥാന്റെ ടോപ് സ്‌കോററായത്. ആര്‍ച്ചര്‍ക്ക് പുറമെ ദസുന്‍ ഷനക (15 പന്തില്‍ 29), യശസ്വി ജയ്‌സ്വാള്‍ (17 പന്തില്‍ 27) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി (4) നിരാശപ്പെടുത്തി. എട്ട് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ്മ.
മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, എഎം ഗസന്‍ഫര്‍, രഘു ശര്‍മ.

