പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ അമേരിക്കയുമായുള്ള ഏത് ധാരണയും ഇസ്രയേലിനും ബാധകമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിനെ കരാറിൽ നിന്ന് മാറ്റി നിർത്തിയെന്ന വാർത്തകൾ തള്ളിയ ഇറാൻ മാധ്യമങ്ങൾ, ലബനൻ ഉൾപ്പടെയുള്ള മേഖലകളിൽ യുദ്ധം നിർത്തുന്ന ധാരണയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിലെ സമാധാന ചർച്ചകൾ പുനരാരംഭിക്കുമനെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണകൾ ഇസ്രയേലിനും ബാധകമെന്ന് വ്യക്തമാക്കി ഇറാൻ രംഗത്ത്. ഇസ്രയേലിനെ കരാറിൽ നിന്ന് മാറ്റി നിർത്തിയെന്ന വാർത്തകൾ തള്ളിയാണ് ഇറാനിലെ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഇതോടെ എല്ലാ മേഖലയിലും യുദ്ധം നിർത്തുന്ന ധാരണ ലബനനിൽ ഉൾപ്പടെ ബാധകമാകും. അതേസമയം, ചർച്ചകൾ ധാരണയിലേക്കെത്തുന്നു എന്ന വാദങ്ങൾ ഇറാൻ തള്ളുന്നില്ല. എന്നാൽ വലിയ വിട്ടുവീഴ്ച്ചകൾക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമം. ധാരണയിലെത്തിയാലും ഹോർമൂസ് ഇനി ഇറാൻ തന്നെ നിയന്ത്രിക്കുമെന്നാണ് മാധ്യമങ്ങൾ അവകാശപ്പെടുന്നത്. യുറേനിയം ശേഖരം മാറ്റാനും ആണവ പദ്ധതി നിർത്തിവെക്കാനും കരാറിൽ പറഞ്ഞിട്ടില്ലെന്നാണ് ഒരു വാദം. ഇതോടൊപ്പം നാവിക ഉപരോധം മുപ്പത് ദിവസത്തിനകം നീക്കണം. സ്വത്തുക്കൾ ഘട്ടം ഘട്ടമായി വിട്ടുനൽകണം എന്നീ ധാരണകളും എത്തിയെന്നാണ് വാദം. ചർച്ചകൾ ധാരണയിലെത്തുന്നതായി അമേരിക്കയും പറഞ്ഞിരുന്നു. അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്നലെ നടന്ന ടെലിഫോൺ ചർച്ചകളിൽ സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങൾ പങ്കെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

മാർക്കോ റൂബിയോ ഇന്ത്യയിൽ

ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വീസ ചട്ടങ്ങളിലെ മാറ്റവും താരിഫും ഇന്ത്യയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളല്ലെന്നും റൂബിയോ ദില്ലിയിൽ എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്കു ശേഷം പറഞ്ഞു. വീസ മാറ്റങ്ങളിലെ ആശങ്ക റൂബിയോയെ അറിയിച്ച ജയശങ്കർ, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും എന്ന സന്ദേശവും യു എസിന് നൽകി. ഇന്ത്യയ്ക്ക് പല രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങാൻ അവകാശമുണ്ടെന്ന് ജയശങ്കർ വ്യക്തമാക്കി. മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയാണ് എസ് ജയശങ്കറും മാർക്കോ റൂബിയോയും തമ്മിൽ നടന്നത്. രണ്ടു രാജ്യങ്ങൾക്കുമിടയിൽ പല വിഷയങ്ങളിലുമുള്ള ഭിന്നതയിൽ തുറന്ന ചർച്ച നടന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ യു എസ് - ഇറാൻ ധാരണയ്ക്കുള്ള സാധ്യത റൂബിയോ അറിയിച്ചു. ഇറാനെ ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രം എന്ന് വശേഷിപ്പിച്ച റൂബിയോ ആണവായുധം കൈയ്യിൽ വയ്ക്കാൻ യു എസ് ഒരു തരത്തിലും ആ രാജ്യത്തെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമായി നടക്കേണ്ടതിൻറെ ആവശ്യകത ജയശങ്കർ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഗ്രീൻകാർഡിന് അപേക്ഷിക്കാൻ അമേരിക്കയിൽ തുടരുന്നവർക്ക് കഴിയില്ല എന്നതടക്കം കുടിയേറ്റ നിയമങ്ങളിലെ ആശങ്ക യു എസിനെ ജയശങ്കർ അറിയിച്ചു. കുടിയേറ്റ രംഗത്തെ പരിഷ്ക്കരണം താല്ക്കാലിക ബുദ്ധിമുട്ടുണ്ടാക്കിയാലും സാങ്കേതിക വൈദഗ്ധ്യം നേടിയവർ കൂടുതലുള്ള ഇന്ത്യയെ ഇത് ഭാവിയിൽ സഹായിക്കുമെന്ന് റൂബിയോ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ സഹകരണം ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് ഒട്ടും തടസ്സമാകില്ലെന്നും റൂബിയോ വിശദീകരിച്ചു. ഇന്ത്യയ്ക്കെതിരെ വംശീയ പരാമർശങ്ങൾ യു എസിൽ നിന്ന് ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അതിനോട് ഭരണകൂടം യോജിക്കുന്നില്ലെന്നും എല്ലാ രാജ്യങ്ങളിലും മൂഢൻമാർ ഉണ്ടെന്നും റൂബിയോ പ്രതികരിച്ചു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് റൂബിയോയുടെ സാന്നിധ്യത്തിൽ ജയശങ്കർ പറഞ്ഞത് ശ്രദ്ധേയമായി. ഇന്ത്യ - അമേരിക്ക ആണവ കരാറിന്‍റെ അന്തിമ കരട് കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇതിനായി അമേരിക്കൻ സംഘം വൈകാതെ ഇന്ത്യയിലെത്തുമെന്നും രണ്ട് നേതാക്കളും അറിയിച്ചു.