രണ്ട് സാധ്യതകളാണ് ടീം മാനേജ്‌മെന്റിന്റെ മുന്നില്‍ തെളിയിരുന്നത്. അതിലൊന്ന് യുവതാരം ധ്രുവ് ജുറലിനെ ഓപ്പണിംഗ് ചെയ്യിപ്പിക്കുക എന്നുള്ളതാണ്.
ഗുവാഹത്തി: ഐപിഎല്ലില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ നാളെ (15-05-2024) ഇറങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ ഇപ്പോഴും പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. 12 മത്സരങ്ങളില്‍ 16 പോയിന്റുള്ള രാജസ്ഥാന് പഞ്ചാബ് കിംഗ്‌സാണ് നാളെ എതിരാളി. ജയിച്ചാല്‍ രാജസ്ഥാന് പ്ലേഓഫ് ഉറപ്പിക്കും. 7.30ന് ഗുവാഹത്തിയിലാണ് മത്സരം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. പ്ലേഓഫിന് പുറത്തായ പഞ്ചാബിനെതിരെ വിജയത്തോടെ തിരിച്ചുവരാനാണ് സഞ്ജു സാംസണും ആഗ്രഹിക്കുന്നത്.
എന്നാല്‍ മത്സരത്തിന് മുമ്പ് രാജസ്ഥാന് തിരിച്ചടിയേറ്റു. ഓപ്പണര്‍ ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരാന്‍ നാട്ടിലേക്ക് തിരിച്ചു. പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബട്‌ലര്‍ നേരത്തെയിറങ്ങുന്നത്. ബട്‌ലറുടെ അഭാവത്തില്‍ ആര് കളിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് സാധ്യതകളാണ് ടീം മാനേജ്‌മെന്റിന്റെ മുന്നില്‍ തെളിയിരുന്നത്. അതിലൊന്ന് യുവതാരം ധ്രുവ് ജുറലിനെ ഓപ്പണിംഗ് ചെയ്യിപ്പിക്കുക എന്നുള്ളതാണ്.
ഇതുവരെ കാര്യമായ അവസരമൊന്നും ജുറലിന് ലഭിച്ചിട്ടില്ല. മധ്യനിരയില്‍ മോശമല്ലാത്ത പ്രകടനവും ജുറല്‍ പുറത്തെടുക്കുന്നുണ്ട്. ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന താരത്തിന് സ്ഥാനക്കയറ്റം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്ന് കണ്ടറിയണം. റോവ്മാന്‍ പവലിനെ ഓപ്പണറാക്കുന്ന കാര്യവും ടീം മാനേജ്‌മെന്റ് പരിഗണിച്ചേക്കും. ടോം കോഹ്‌ലര്‍-കഡ്‌മോര്‍, ഡോണോവന്‍ ഫെറൈര എന്നിവരാണ് ടീമിലുള്ള മറ്റു ഓവര്‍സീസ് ബാറ്റര്‍മാര്‍. ഇരുവരും മധ്യനിര താരങ്ങളാണ്. ഈയൊരു സാഹചര്യത്തില്‍ രാജസ്ഥാന്‍ എന്ത് ചെയ്യുമെന്ന് കണ്ടറിണം. ജുറല്‍ ഓപ്പണറാവാന്‍ ഒരു വലിയ സാധ്യതയുണ്ടെന്ന് തന്നെ പറയാം. എന്തായാലും രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.
രാജസ്ഥാന് റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറല്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്‌വേന്ദ്ര ചാഹല്‍.

