തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ച് നിറഞ്ഞാടുന്ന സഞ്ജു ലോഫ്റ്റഡ് ഷോട്ടുകളും എക്സ്ട്രാ കവറിനും ലോംഗ് ഓണിനും മുകളിലൂടെ സിക്സര്‍ പറത്തുന്നതും വീഡിയോയില്‍ കാണാം. സഞ്ജുവിന്‍റെ ബാറ്റിംഗ് വെടികെട്ടിനെ പരിശീലനം കാണാനെത്തിയ ആരാധകര്‍ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് വരവേല്‍ക്കുന്നത്.
ജയ്പൂര്‍: ഐപിഎല്ലില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം കൈയെത്തിപ്പിടിക്കാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലറങ്ങുന്ന റോയല്‍സിന്‍റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷയും ഇത്തവണ സഞ്ജുവിലാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ ബാറ്റിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം റോയല്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ച് നിറഞ്ഞാടുന്ന സഞ്ജു ലോഫ്റ്റഡ് ഷോട്ടുകളും എക്സ്ട്രാ കവറിനും ലോംഗ് ഓണിനും മുകളിലൂടെ സിക്സര്‍ പറത്തുന്നതും വീഡിയോയില്‍ കാണാം. സഞ്ജുവിന്‍റെ ബാറ്റിംഗ് വെടികെട്ടിനെ പരിശീലനം കാണാനെത്തിയ ആരാധകര്‍ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് വരവേല്‍ക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ പകരം സഞ്ജുവിന് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ പകരക്കാരനെ പ്രഖ്യാപിക്കാതെ സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറില്‍ കളിപ്പിക്കാനായിരുന്നു ടീം മാനേജ്മെന്‍റും സെലക്ടര്‍മാരും തീരുമാനിച്ചത്. സൂര്യകുമാര്‍ യാദവ് ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായതോടെ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരങ്ങളായ വസീം ജാഫറും ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ജനുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച സഞ്ജുവിന് ഫീല്‍ഡിംഗിനിടെ പരിക്കേറ്റിരുന്നു.
തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ സഞ്ജു ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലായിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരിക്കാനുള്ള പ്രധാന കാരണമായി പറഞ്ഞത് സഞ്ജു പരിക്കില്‍ നിന്ന് മോചിതനായിട്ടില്ലെന്നതായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ സഞ്ജു പരിക്കിന്‍റെ ലക്ഷണങ്ങളൊന്നും ഇല്ലാതെ അടിച്ചു തകര്‍ക്കുന്നതാണ് കാണുന്നത്.
