ജയ്‌സ്വാളിനെ കയ്യൊഴിയുമോ സഞ്ജു? രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ; ടീമില്‍ മാറ്റമുണ്ടായേക്കും
അവസാന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം രാജസ്ഥാന് കുടുതല്‍ കരുത്തേകുന്നു.
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാജസ്ഥാന്റെ ഹോംഗ്രാണ്ടായ ജയ്പൂര്, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തിന്റെ തലപ്പൊക്കത്തിലാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. സീസണില്‍ ഇതുവരെ തോല്‍വി അറിഞ്ഞത് ഒരു മത്സരത്തില്‍ മാത്രം. ബാറ്റിംഗ് ബൗളിംഗ് യൂണിറ്റുകള്‍ അവസരത്തിനൊത്ത് ഉയരുന്നു. ടീം ഗെയിം കളിക്കുന്ന രാജസ്ഥാന്‍, മുംബൈയ്ക്ക് കടുത്ത വെല്ലുവിളിയാകുമെന്നതില്‍ തര്‍ക്കമില്ല.
അവസാന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം രാജസ്ഥാന് കുടുതല്‍ കരുത്തേകുന്നു. ജോസ് ബട്‌ലറിന്റെയും റിയാന്‍ പരാഗിന്റെയും മിന്നും ഫോമാണ് രാജസ്ഥാന് പ്രതീക്ഷ. എന്നാല്‍ ഫോം കണ്ടെത്താനാകാതെ വലയുകയാണ് യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറലും. ഇരുവര്‍ക്കും വീണ്ടും അവസരം ലഭിച്ചേക്കും. ഈ സിസണില്‍ ഇതിന് മുന്‍പ് മുംബൈയോട് കളിച്ച മത്സരത്തില്‍ 6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. അന്ന് 125ന് എറിഞ്ഞിട്ട രാജസ്ഥാന് ബൗളര്‍മാരോട് പകരം വീട്ടാന്‍ കൂടിയാണ് മുംബൈ ഇറങ്ങുന്നത്.
തോറ്റു തുടങ്ങിയ മുംബൈ സീസണില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മൂന്ന് ജയവും നാല് തോല്‍വിയുമായി ടേബിളില്‍ ആറാം സ്ഥാനത്ത്. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും അടങ്ങുന്ന ബാറ്റിംഗ് നിര മിന്നും ഫോമില്‍. എന്നാല്‍ വാലറ്റത്ത് സ്‌കോര്‍ ഉയര്‍ത്താന്‍ മുംബൈക്ക് ആകുന്നില്ല. ബുംറയും ജെറാള്‍ഡ് കോട്‌സെയും നയിക്കുന്ന പേസ് നിരയിലാണ് പ്രതീക്ഷ. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനാകാത്തത് വെല്ലുവിളി.
രാജസ്ഥാന് നിരയില്‍ ഇന്ന് സന്ദീപ് ശര്‍മ തിരിച്ചെത്തിയേക്കും. പരിക്കിനെ തുടര്‍ന്ന് അടുത്തിടെ ചില മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. അങ്ങനെയെങ്കില്‍ കുല്‍ദീപ് സെന്‍ പുറത്താവും. കേശവ് മഹാരാജ്, നന്ദ്രേ ബര്‍ഗര്‍ എന്നിവരില്‍ ഒരാള്‍ ഇംപാക്റ്റ് പ്ലയറായിരിക്കും. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, കുല്‍ദീപ് സെന്‍ / സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചാഹല്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുമ്ര.