വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

അഹമ്മദാബാദ്: ആറ് തുടര്‍ വിജയങ്ങളുടെ പകിട്ടുമായി എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകർത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി. ആര്‍സിബി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നിര്‍ത്തി രാജസ്ഥാന്‍ മറികടന്നു. യശസ്വി ജയ്സ്വാള്‍ 30 പന്തിൽ 45 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്മെയര്‍ 14 പന്തില്‍ 26ഉം റണ്‍സെത്തു.

8 പന്തില്‍ 16 റണ്‍സുമായി റൊവ്മാന്‍ പവല്‍ പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസനും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റെടുത്തു. വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 172-8, രാജസ്ഥാന്‍ 19 ഓവറില്‍ 174-6.

പതിഞ്ഞ തുടക്കം

ആര്‍സിബി വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് ആദ്യ രണ്ടോവറില്‍ യശസ്വി ജയ്സ്വാളും ടോം കോഹ്‌ലർ കാഡ്മോറും ചേര്‍ന്ന് പതിഞ്ഞ തുടക്കമാണ് നല്‍കിയത്. ആദ്യ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. താളം കണ്ടെത്താന്‍ പാടുപെട്ട കാഡ്മോര്‍ ഡോട്ട് ബോളുകള്‍ കളിച്ച് സമ്മര്‍ദ്ദമാക്കിയപ്പോള്‍ മൂന്നാം ഓവറില്‍ യാഷ് ദയാലിനെതിരെ 16 റണ്‍സടിച്ച യശസ്വി ആണ് രാജസ്ഥാന്‍റെ സ്കോറുയര്‍ത്തിയത്. സിറാജ് എറിഞ്ഞ നാലാം ഓവറില്‍ കാഡ്മോറും രണ്ട് ബൗണ്ടറി പറത്തി. പിന്നാലെ കാഡ്മോര്‍ നല്‍കിയ അനായാസ ക്യാച്ച് ഗ്ലെന്‍ മാക്സ്‌വെല്‍ അവിശ്വസീനയമായി നിലത്തിട്ടു. യശസ്വിയും സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ പറക്കും ഡൈവില്‍ നിന്ന് രക്ഷപ്പെട്ടു.

Scroll to load tweet…

പവര്‍പ്ലേയിലെ അവസാന ഓവറില്‍ കാ‍ഡ്മോര്‍(15 പന്തില്‍ 20) ലോക്കി ഫെര്‍ഗൂസന് മുന്നില്‍ വീണു. സ്വപ്നില്‍ സിംഗിനെ സിക്സ് അടിച്ച് തുടങ്ങിയ സഞ്ജുവും യശസ്വിയും ചേര്‍ന്ന് രാജസ്ഥാനെ അനായാസം ലക്ഷ്യത്തിലെത്തിക്ക് നയിച്ചപ്പോഴാണ് കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ യശസ്വി പുറത്തായത്. 30പന്തില്‍ 45 റണ്‍സെടുത്ത യശസ്വി മടങ്ങിയതിന് പിന്നാലെ തൊട്ടടുത്ത ഓവറില്‍ സഞ്ജുവും വീണു. കരണ്‍ ശര്‍മയെ ഫ്രണ്ട് ഫൂട്ടിലിറങ്ങി സിക്സ് അടിക്കാനുള്ള സഞ്ജുവിന്‍റെ ശ്രമം വൈഡ് ബോളെറിഞ്ഞ് കരണ്‍ ശര്‍മ തടഞ്ഞു. ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിനെ ദിനേശ് കാര്‍ത്തിക് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. പന്ത്രണ്ടാം ഓവറില്‍ സ്കോര്‍ 100 കടന്നതിന് പിന്നാലെ വിരാട് കോലിയുടെ ഫീല്‍ഡിംഗ് ബ്രില്യന്‍സില്‍ ധ്രുവ് ജുറെല്‍(4) റണ്ണൗട്ടായതോടെ രാജസ്ഥാന്‍ പതറി

Scroll to load tweet…

അവസാന അഞ്ചോവറില്‍ 57 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ റിയാന്‍ പരാഗും ഷിമ്രോണ്‍ ഹിറ്റ്മെയറും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ കാമറൂണ്‍ ഗ്രീനിനെതിരെ തന്നെ തകര്‍ത്തടിച്ച് ആര്‍സിബിയുടെ പ്രതീക്ഷകള്‍ അടിച്ചകറ്റി.വിജയത്തിനരികെ പരാഗിനെയും(26 പന്തില്‍ 36) ഷിമ്രോണ്‍ ഹെറ്റ്മെയറെയും(14 പന്തില്‍ 26) മടക്കി മുഹമ്മദ് സിറാജ് ഒരോവറില്‍ വീഴ്ത്തി രാജസ്ഥാനെ ഞെട്ടിച്ചെങ്കിലും പവലും(8 പന്തില്‍ 16*) അശ്വിനും ചേര്‍ന്ന് രാജസ്ഥാനെ ലക്ഷ്യത്തിലെച്ചിച്ചു.

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. 35 റണ്‍സെടുത്ത രജത് പാടീദാറും 34 റണ്‍സെടുത്ത വിരാട് കോലിയും 32 റണ്‍സെടുത്ത മഹിപാല്‍ ലോംറോറുമാണ് ആര്‍സിബിക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. രാജസ്ഥാനുവേണ്ടി ആവേശ് ഖാന്‍ 44 റണ്‍സിന് മൂന്നും അശ്വിന്‍ 19 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക