19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളം ബറോഡയോട് 286 റണ്‍സിന് പരാജയപ്പെട്ടു.
വഡോദര: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിന് ബറോഡയോട് 286 റണ്‍സിന്റെ തോല്‍വി. വിജയ ലക്ഷ്യമായ 591 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 304 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ ഹൃഷികേശിന്റെ പ്രകടനം തോല്‍വിക്കിടയിലും കേരളത്തിന് ആശ്വാസമായി. സ്‌കോര്‍: ബറോഡ 223 & 503/9 ഡിക്ലയേഡ്. കേരളം 136 & 304. ഒരു വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ കേരളത്തിന് 16 റണ്‍സെടുത്ത ഓപ്പണര്‍ ജോയ്ഫിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി.
എന്നാല്‍ അമയ് മനോജും അഭിനവ് കെ വിയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 റണ്‍െടുത്ത് അമയ് പുറത്തായതോടെയാണ് ഹൃഷികേശ് ക്രീസിലെത്തിയത്. ഹൃഷികേശും അഭിനവും ചേര്‍ന്ന കൂട്ടുകെട്ട് സമനിലയെന്ന പ്രതീക്ഷ സജീവമാക്കി. ഇരുവരും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 71 റണ്‍സെടുത്ത അഭിനവിനെ പുറത്താക്കി കവിര്‍ ദേശായി ആണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും മികച്ച ഇന്നിങ്‌സ് കാഴ്ച വയ്ക്കാനായില്ല. ഒരറ്റത്ത് കരുതലോടെ നിലയുറപ്പിച്ച ഹൃഷികേശിന്റെ ഇന്നിങ്‌സാണ് കേരളത്തിന്റെ സ്‌കോര്‍ 300 കടത്തിയത്.
ഇഷാന്‍ കുനാലിനൊപ്പം 49 റണ്‍സും തോമസ് മാത്യുവിനൊപ്പം 39 റണ്‍സും ദേവഗിരിയ്‌ക്കൊപ്പം 21 റണ്‍സുമാണ് ഹൃഷികേശ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 108 റണ്‍സെടുത്ത ഹൃഷികേശ്, ?ഗൗരവിന്റെ പന്തില്‍ പ്രിയന്‍ഷു ജാധവ് ക്യാച്ചെടുത്താണ് പുറത്തായത്. 17 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഹൃഷികേശിന്റെ ഇന്നിങ്‌സ്. മാനവ് കൃഷ്ണ 22ഉം തോമസ് മാത്യുവും ഇഷാന്‍ കുനാലും 14 റണ്‍സ് വീതവും നേടി. ബറോഡയ്ക്ക് വേണ്ടി കവിര്‍ ദേശായിയും ഗൗരവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

