ഇരുവരും 31 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 മത്സരങ്ങളില്‍ ആര്‍സിബി ജയിച്ചു. രാജസ്ഥാനൊപ്പം 13 ജയം. മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല.
അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് വൈകിട്ട് 7.30ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തോറ്റാല്‍ സഞ്ജു സംഘത്തിനും മടങ്ങാം. ജയിച്ചാല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാം. അവര്‍ക്കെതിരേയും ജയിക്കാനായാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഫൈനല്‍ കളിക്കാം.
ഇരുവരും 31 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 മത്സരങ്ങളില്‍ ആര്‍സിബി ജയിച്ചു. രാജസ്ഥാനൊപ്പം 13 ജയം. മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല. പ്ലേ ഓഫില്‍ രണ്ട് ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഇരു ടീമുകളും ഓരോ തവണ വിജയിച്ചു. 2015ലെ എലിമിനേറ്ററിലാണ് അവര്‍ ആദ്യമായി ഏറ്റുമുട്ടിയത്, അന്ന് ആര്‍സിബി 71 റണ്‍സിന് വിജയിച്ചു. 2022 രണ്ടാം ക്വാളിഫയറില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.
കളിക്കിടെ മഴയെത്തുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഐപിഎല്ലില്‍ പ്രാഥിമിക റൌണ്ടില്‍ അവസാനത്തെ മൂന്ന് മത്സരങ്ങളും മഴയെടുത്തിരുന്നു. എന്നാല്‍ ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. അഹമ്മദാബാദില്‍ മഴ പെയ്യാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം. അഹമ്മദാബാദിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം. രാത്രിയില്‍ താപനില കുറയും. എന്തെങ്കിലും കാരണവശാല്‍ മത്സരം തടസപ്പെടുകയാണെങ്കില്‍ റിസവര്‍ ദിനമൊന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ടോം കോഹ്ലര്‍-കഡ്‌മോര്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

