കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ ജാര്‍ഖണ്ഡ് ആദ്യ ഇന്നിങ്‌സില്‍ 206 റണ്‍സിന് പുറത്തായി. ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ജാര്‍ഖണ്ഡിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.
ഹസാരിബാഗ്: 19 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ ജാര്‍ഖണ്ഡ് ആദ്യ ഇന്നിങ്‌സില്‍ 206 റണ്‍സിന് പുറത്തായി. ലെഗ് സ്പിന്നര്‍ മൊഹമ്മദ് ഇനാന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഝാര്‍ഖണ്ഡിന്റെ സ്‌കോര്‍ 206ല്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ്. ടോസ് നേടിയ ജാര്‍ഖണ്ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍മാരായ കൗശിക്കും വത്സല്‍ തിവാരിയും ചേര്‍ന്ന് 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരെയും പുറത്താക്കി ആഷ്‌ലിനാണ് കേരളത്തിന് ആദ്യ വഴിത്തിരിവ് സമ്മാനിച്ചത്. കൗശിക് 39ഉം വത്സല്‍ 30 റണ്‍സും നേടി. തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാതെ വന്നതാണ് ജാര്‍ഖണ്ഡിന് തിരിച്ചടിയായത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ കേരള ബൗളര്‍മാര്‍ ജാര്‍ഖണ്ഡ് ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 36 റണ്‍സുമായി പുറത്താകാതെ നിന്ന നിതിന്‍ പാണ്ഡെയ്ക്ക് മാത്രമാണ് പിന്നീടെത്തിയവരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായത്.
യഷ് റാഥോര്‍ 27ഉം അന്‍മോല്‍ രാജ് 24ഉം സാകേത് കുമാര്‍ 23ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ മൊഹമ്മദ് ഇനാന് പുറമെ ആഷ്‌ലിന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് എട്ട് റണ്‍സെടുത്ത ജോബിന്‍ ജോബിയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. സംഗീത് സാഗര്‍ 18 റണ്‍സുമായി മടങ്ങി. കളി നിര്‍ത്തുമ്പോേള്‍ തോമസ് മാത്യു 15ഉം അമയ് മനോജ് 10ഉം റണ്‍സുമായി ക്രീസിലുണ്ട്.

