ജമൈക്ക: റഖീം കോണ്‍വാളിനെ ആരു കണ്ടാലും രണ്ടുവട്ടം നോക്കിപ്പോവും. കാരണം ഒരു ക്രിക്കറ്റ് താരത്തിനും ഇതുവരെ കണ്ടിട്ടില്ലാത്ത ശരീരം തന്നെ. സമകാലീന ക്രിക്കറ്റിലെ ഏറ്റവും ഭാരമേറിയ കളിക്കാരനാണെങ്കിലും തന്റെ ശരീരം ക്രിക്കറ്റില്‍ ഒന്നിനും ഒരു തടസമല്ലെന്ന് കോണ്‍വാള്‍ മുമ്പ് പലവട്ടം തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ ലീഗിലും കോണ്‍വാള്‍ തന്റെ ശരീരത്തെ വെല്ലുവിളിക്കുന്ന അത്ഭുത ക്യാച്ചുമായി തിളങ്ങി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയ  സൗക്സും ഗയാന ആമസോണ്‍ വാരിയേഴ്സും തമ്മിലുള്ള സെമി പോരാട്ടത്തിലായിരുന്നു സ്ലിപ്പില്‍ നിന്ന് ഓടിവന്ന് ഒറ്റക്കൈ കൊണ്ട്പന്ത് പറന്നുപിടിച്ച് കോണ്‍വാള്‍ ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു കോണ്‍വാളിന്റെ അത്ഭുത ക്യാച്ച് പിറന്നത്.

വാരിയേഴ്സിന്റെ അവസാന ബാറ്റ്സ്മാനായ ഇമ്രാന്‍ താഹിറിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്താണ് സ്ലിപ്പില്‍ നിന്ന് ഓടിവന്ന് പറന്നുവീണ് കോണ്‍വാള്‍ കൈയിലൊതുക്കിയത്. താഹിര്‍ പുറത്തായതോടെ വാരിയേഴ്സിന്റെ ഇന്നിംഗ്സ് 55 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ബാറ്റിംഗിലും തിളങ്ങിയ കോണ്‍വാള്‍ 17 പന്തില്‍ 32 റണ്‍സടിച്ചു. റോസ്റ്റണ്‍ ചേസിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്സര്‍ പറത്തിയാണ് കോണ്‍വാള്‍ ജയം അനായാസമാക്കിയത്. മത്സരം 10 വിക്കറ്റിന് ജയിച്ച് സൗക്സ് ഫൈനലിലെത്തി.