റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റാഞ്ചി ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ചുറി കരിയറിലെ ഏറ്റവും ദുര്‍ഘടമായ ഇന്നിംഗ്‌സ് എന്ന് രോഹിത് ശര്‍മ്മ. ടെസ്റ്റ് കരിയറിലെ കന്നി ഡബിള്‍ സെഞ്ചുറിയാണ് റാഞ്ചിയില്‍ രോഹിത് നേടിയത്. രോഹിത് 255 പന്തില്‍ 28 ഫോറും ആറ് സിക്‌സും സഹിതം 212 റണ്‍സ് നേടി.

'ഞാന്‍ 30 ടെസ്റ്റുകള്‍ കളിച്ചു. കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ടെസ്റ്റ് ഇന്നിംഗ്‌സ് റാഞ്ചിയിലേതാണ് എന്ന് നിസംശയം പറയാം. മത്സരത്തിലെ ആദ്യ പന്ത് നേരിട്ടതും 30 ഓവറിന് ശേഷം ബാറ്റ് ചെയ്‌തതും വ്യത്യസ്തമായിരുന്നു. മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരങ്ങളില്‍ മുതലാക്കുകയാണ് തന്‍റെ ലക്ഷ്യം. ബാറ്റ് ചെയ്യുമ്പോള്‍ റെക്കോര്‍ഡുകളെ കുറിച്ച് ചിന്തിക്കാറില്ല. ഏതൊക്കെ റെക്കോര്‍ഡുകളാണ് തകര്‍ത്തത് എന്ന് വിരമിക്കലിന് ശേഷം ചിന്തിച്ചോളാം' എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. 

ചില സുപ്രധാന നേട്ടങ്ങളും രോഹിത് ശര്‍മ്മ മത്സരത്തിനിടെ സ്വന്തമാക്കിയിരുന്നു. ഹോം ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി എന്ന റെക്കോര്‍ഡില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാനെ രോഹിത് പിന്തള്ളി. ബ്രാഡ്‌മാന് 98.22 ആണ് ശരാശരിയെങ്കില്‍ രോഹിത്തിന് 99.84 ആയി ആവറേജ്. കുറഞ്ഞത് 10 ടെസ്റ്റുകളെങ്കിലും കളിച്ച താരങ്ങളെയാണ് ഈ കണക്കില്‍ പരിഗണിച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍(19) നേടുന്ന താരമെന്ന നേട്ടം രോഹിത് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.