സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മേഘാലയയെ ബാറ്റിംഗിനയക്കുകയായിരുന്നു

രാജ്‌കോട്ട്: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം രഞ്ജി ട്രോഫി (Ranji Trophy 2021-22) തിരിച്ചെത്തിയപ്പോള്‍ കേരളത്തിന് (Kerala Cricket Team) മിന്നും തുടക്കം. ആദ്യ മത്സരത്തില്‍ മേഘാലയയെ (Kerala vs Meghalaya) ബൗളിംഗ് കരുത്തുകൊണ്ട് വിറപ്പിക്കുകയാണ് കേരളം. ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 30 ഓവറില്‍ 112/5 എന്ന നിലയില്‍ പ്രതിരോധത്തിലാണ് മേഘാലയ. രണ്ട് വിക്കറ്റുമായി കൗമാര പേസര്‍ ഏദന്‍ ആപ്പിള്‍ ടോം (Eden Apple Tom) ആദ്യദിനം കേരളത്തിന്‍റെ മിന്നുംതാരമാവുകയാണ്. 

സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മേഘാലയയെ ബാറ്റിംഗിനയക്കുകയായിരുന്നു. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ യിന്‍ഷിയെ അക്കൗണ്ട് തുറക്കുംമുമ്പ് ബൗള്‍ഡാക്കി മനു കൃഷ്‌ണന്‍ വടക്കുകിഴക്കന്‍ ടീമിന് മുന്നറിയിപ്പ് കൊടുത്തു. പിന്നാലെ മറ്റൊരു ഓപ്പണര്‍ കിഷനെ(26) രാഹുലിന്‍റെ കൈകളിലെത്തിച്ച് 17കാരന്‍ ഏദന്‍ ആപ്പിള്‍ ടോം വരവറിയിച്ചു. മൂന്നാമന്‍ ഖുറാനെയെയും(15) ഏദന്‍ തന്നെ മടക്കി. 

രവി തേജയാവട്ടെ ബേസില്‍ തമ്പിക്ക് മുന്നില്‍ ഒരു റണ്ണുമായി കീഴടങ്ങി. ലെറിയെ ബൗള്‍ഡാക്കി രണ്ട് വിക്കറ്റ് തികച്ച മനു കൃഷ്‌ണന്‍ മേഘാലയയെ കൂട്ടച്ചകര്‍ച്ചയിലേക്ക് തള്ളിവിട്ടു. എന്നാല്‍ 61* റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന നായകന്‍ പുനീത് ബിഷ്‌ടില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് മേഘാലയ. ദിപുവാണ്(0*) പുനീതിനൊപ്പം ക്രീസില്‍. 

Scroll to load tweet…

ശ്രദ്ധാകേന്ദ്രം ശ്രീശാന്ത്

മേഘാലയക്കെതിരെ കേരള പേസര്‍ എസ് ശ്രീശാന്താണ് ശ്രദ്ധാകേന്ദ്രം. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് രഞ്ജി ടീമിൽ തിരിച്ചെത്തിയത്. 2012 ഡിസംബറിൽ ആന്ധ്രയ്ക്ക് എതിരെ ആയിരുന്നു ശ്രീശാന്തിന്‍റെ അവസാന ര‍ഞ്ജി മത്സരം. ആകെ 22 കളിയിൽ നിന്ന് 60 വിക്കറ്റ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ശ്രീശാന്തിന്‍റെ അവസാന മത്സരം 2013 ഫെബ്രുവരിയിൽ ആയിരുന്നു. മുംബൈയ്ക്കെതിരായ റസ്റ്റ് ഓഫ് ഇന്ത്യ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. ഇതിന് ശേഷമുണ്ടായ ഐപിഎൽ വിവാദത്തെ തുട‍ന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ശ്രീശാന്ത് കഴിഞ്ഞ സീസണിൽ സയദ് മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റുകൾക്കുള്ള കേരള ടീമിൽ അംഗമായി. 

Ranji Trophy 2021-22 : കാത്തിരുന്നത് ഈ ദിനത്തിന്; രഞ്ജി ട്രോഫി തിരിച്ചുവരവില്‍ സന്തോഷമടക്കാനാവാതെ ജയ് ഷാ