Asianet News MalayalamAsianet News Malayalam

ജലജ് സക്‌സേനയ്ക്ക് എട്ട് വിക്കറ്റ്; സര്‍വീസസിനെ എട്ട് നിലയില്‍ പൊട്ടിച്ച് കേരളം, 204 റണ്‍സ് ജയം

വിക്കറ്റ് നഷ്‌ടമില്ലാതെ 20 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് തുടങ്ങിയ സര്‍വീസസിനെ തന്‍റെ കറങ്ങും പന്ത് കൊണ്ട് എറിഞ്ഞിടുകയായിരുന്നു ജലജ് സക്‌സേന

Ranji Trophy 2022 23 Jalaj Saxena took eight wickets Kerala Won by 204 runs against Services
Author
First Published Jan 13, 2023, 1:23 PM IST

തിരുവനന്തപുരം: എട്ട് വിക്കറ്റുമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സ‍ർവീസസിനെതിരെ കേരളത്തിന് ഏഴഴക് വിജയം സമ്മാനിച്ച് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന. സക്‌സേന 15.4 ഓവറില്‍ 36 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ 204 റണ്‍സിനാണ് കേരളത്തിന്‍റെ ജയം. രണ്ട് ഇന്നിംഗ്‌‌സിലുമായി സക്സേന 11 വിക്കറ്റ് നേടി. അവസാന ദിനം ജയിക്കാന്‍ വേണ്ടിയിരുന്ന 321 റണ്‍സിലേക്ക് ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസ് 136 റണ്‍സില്‍ പുറത്താവുകയായിരുന്നു. സ്‌കോര്‍ കേരളം- 327, 242/7 ഡിക്ലയര്‍. സര്‍വീസസ്- 229, 136.

വിക്കറ്റ് നഷ്‌ടമില്ലാതെ 20 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് തുടങ്ങിയ സര്‍വീസസിനെ തന്‍റെ കറങ്ങും പന്ത് കൊണ്ട് എറിഞ്ഞിടുകയായിരുന്നു ജലജ് സക്‌സേന. ഓപ്പണര്‍ ശുഭം രോഹില്ല 55 പന്തില്‍ 28 റണ്‍സെടുത്ത് വൈശാഖ് ചന്ദ്രന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സൂഫിയാന്‍ ആലാം 108 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ സക്‌സേനയുടെ ത്രോ താരത്തെ പുറത്താക്കി. പിന്നീടുള്ള എട്ട് വിക്കറ്റുകളും ജലജ് സക്‌സേനക്കായിരുന്നു. രവി ചൗഹാനും ഗൗലത്ത് രാഹുല്‍ സിംഗും ഏഴ് വീതവും റണ്‍സെടുത്ത് പുറത്തായപ്പോള്‍ സര്‍വീസസ് നായകന്‍ രജത് പാലിവാലിന് അക്കൗണ്ട് തുറക്കാനായില്ല. വിക്കറ്റ് കീപ്പര്‍ എല്‍ ബന്‍സാല്‍ അഞ്ചും മോഹിത് രത്തീ ഒന്നും അര്‍പിത് ഗുലേറിയ ഒന്നും പിഎസ് പൂനിയ 18 ഉം റണ്‍സെടുത്ത് പുറത്തായി. 

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 98 റൺസ് ലീഡ് നേടിയ കേരളം ഏഴ് വിക്കറ്റിന് 242 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 93 റൺസെടുത്ത സച്ചിൻ ബേബിയാണ് രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിന്‍റെ ടോപ് സ്കോറർ. ഗോവിന്ദ് വത്‌സാല്‍ 48 ഉം സല്‍മാന്‍ നിസാര്‍ 40 ഉം റണ്‍സ് നേടി. ആദ്യ ഇന്നിംഗ്‌സിലും സച്ചിന്‍ ബേബി തന്നെയായിരുന്നു കേരളത്തിന്‍റെ ബാറ്റിംഗ് നെടുംതൂണ്‍. സച്ചിൻ സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ സച്ചിന്‍ ബേബി 308 പന്തില്‍ 159 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ ജലജ് സക്‌സേനയും സിജോമോന്‍ ജോസഫും മൂന്ന് വീതവും നിഥീഷ് എംഡിയും വൈശാഖ് ചന്ദ്രനും രണ്ട് വീതം വിക്കറ്റും വീഴ്‌ത്തിയിരുന്നു. 

ന്യൂസിലന്‍ഡിന് എതിരായ പരമ്പര; സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല- റിപ്പോര്‍ട്ട്

Follow Us:
Download App:
  • android
  • ios